ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സുപ്രീംകോടതിയെ അവഹേളിച്ച് പ്രസംഗം; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി

single-img
12 April 2019

പയ്യന്നൂര്‍: സമൂഹത്തില്‍ മതവികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് എല്‍ഡിഎഫിന്റെ പരാതി. മണ്ഡലത്തിലെ പല കേന്ദ്രങ്ങളില്‍ ഈ പ്രസംഗം ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട്സുപ്രിംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്ന പ്രസംഗമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ പറയുന്നത്.

ഏപ്രില്‍ എട്ടാം തിയതി മണ്ഡലത്തിലെ അരവഞ്ചാലില്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യ വരണാധികാരിയായ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.