പ്രദര്‍ശനാനുമതി നല്‍കരുത്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

single-img
12 April 2019

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘ദി ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദി ഷെപ്പേഡ്’ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മതവികാരം വൃണപ്പെടുത്തുന്നതിനാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവിശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ ഷോളയൂരിലെ പി ജി ജോണ്‍ എന്നയാളാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡുള്‍പ്പെടെയുള്ള എതിര്‍കക്ഷികളുടെ വിശദീകരണം തേടി. സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ കടുത്ത മനോവേദനയുണ്ടായെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

സിനിമയുടെ ട്രെയിലറില്‍ വൈദികവേഷം ധരിച്ചെത്തുന്ന പുരോഹിത കഥാപാത്രം കന്യാസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതടക്കമുള്ള ദൃശ്യങ്ങളുണ്ട്. അവ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്. മലയാളത്തിന് പുറമേ, തമിഴ്, പഞ്ചാബി ഭാഷകളിലാണ് ചലച്ചിത്രം തയ്യാറാക്കിയിട്ടുള്ളത്.