മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്കായി 907 ആർട്ടിസ്റ്റുകൾ നടത്തിയ പ്രസ്താവന: തന്‍റെ പേര് ഉൾപ്പെടുത്തിയത് സമ്മതമില്ലാതെയെന്ന് നർത്തകി ഗീതാ ചന്ദ്രൻ

single-img
12 April 2019

കേന്ദ്രത്തില്‍ ‘മോദി സർക്കാരിന്റെ തുടർച്ച’യ്ക്കായി 907 ആർട്ടിസ്റ്റുകൾ നടത്തുന്ന പ്രചാരണത്തിൽ തന്റെ പേര് ഉള്പ്പെട്ടത്തില്‍ അത്ഭുതവുമായി പ്രകടിപ്പിച്ച് ഭരതനാട്യം നർത്തകി ഗീതാ ചന്ദ്രൻ രംഗത്ത്. താൻ ഇത്തരത്തില്‍ ഒരു പ്രചാരണത്തിൽ പങ്കാളിയല്ല എന്ന് അവർ വ്യക്തമാക്കി. ഈ പ്രചാരണത്തിനായിരുന്നെങ്കില്‍ പേര് ഉൾപ്പെടുത്തുന്നതിനായി താൻ ഒരിക്കലും സമ്മതം നൽകിയിരുന്നില്ലെന്നും ഗീതാ ചന്ദ്രൻ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ‘നേഷൻ ഫസ്റ്റ് കളക്ടീവ്’ എന്ന സംഘടനയാണ് ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. പ്രമുഖ് നടനായ നസീറുദ്ദീൻ ഷാ, അനുരാഗ് കശ്യപ്, നടിമാരായ കൊങ്കണ സെൻ ശർമ തുടങ്ങിയ അറുന്നൂറോളം തിയറ്റർ ആർട്ടിസ്റ്റുകൾ ‘വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുക’ എന്നൊരു പ്രചാരണത്തിൽ പങ്കാളികളായിരുന്നു.

രാജ്യത്തെ സിനിമാക്കാരുടെയും എഴുത്തുകാരുടെയും സമാനമായ പ്രചാരണങ്ങളോട് യോജിച്ചായിരുന്നു ഈ പ്രചാരണം. ഇതിനെതിരായി സംഘടിപ്പിക്കപ്പെട്ട പ്രചാരണത്തിലാണ് ഗീതാ ചന്ദ്രന്റെ പേരും ഉൾപ്പെടുത്തിയത്.
ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്, ശങ്കർ മഹാദേവൻ, ആലോക് നാഥ് തുടങ്ങിയ 907 പേരാണ് മോദി സർക്കാർ തുടരണം എന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിൽ പങ്കാളികളായത്.

എങ്ങിനെയാണ് താൻ ഈ പ്രചാരണത്തിൽ ഉൾപ്പെട്ടത് എന്നതിനെ കുറിച്ച് ഗീതാ ചന്ദ്രൻ പറയുന്നതിങ്ങനെ: “ഈ മാസം 8ന് ചെയർമാൻ ഓഫ് ദി ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് ഹിന്ദു ന്യൂ ഇയർ ആഘോഷിക്കാനായി മുതിർന്ന ആർട്ടിസ്റ്റുകളെ ക്ഷണിച്ചു. പ്രസ്തുത ചടങ്ങിൽ പൊതുജനങ്ങളോട് വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന ഒരു പ്രചാരണം നടത്തണമെന്ന നിർദ്ദേശം അദ്ദേഹം മുമ്പോട്ടു വെച്ചു. ഞങ്ങൾ ആവേശത്തോടെ അതിന് സമ്മതിച്ചു.

അതിന് ശേഷമാണ് നിലവിലെ സർക്കാരിനെ പുകഴ്ത്തുന്ന തരത്തിലുള്ള പ്രചാരണത്തിലേക്ക് ഇതിനെ മാറ്റിയത്. ഞങ്ങളിൽ തന്നെ നിരവധി പേർക്ക് ഇതിനോട് വിയോജിപ്പുണ്ടായിരുന്നു.കാരണം, ഞങ്ങളിൽ ഭൂരിഭാഗം പേരും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരല്ല.”