ഒടുവില്‍ കള്ളി വെളിച്ചത്തായി; നാണംകെട്ട് സ്മൃതി ഇറാനി

single-img
12 April 2019

ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം. അമേഠിയില്‍ മത്സരിക്കുന്ന സ്മൃതി ഇന്നലെ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സ്മൃതിക്ക് ബിരുദമില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഈ സത്യവാങ്മൂലം. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് (സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സ്) ബിഎ ബിരുദം കരസ്ഥമാക്കിയെന്നാണ് സ്മൃതി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, 2011 ജൂലൈ 11ന് ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സില്‍നിന്ന് ബികോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയതായാണ് പറഞ്ഞിരുന്നത്.

2014 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍നിന്ന് ബികോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയെന്നാണ് സ്മൃതി വ്യക്തമാക്കിയിരുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരിക്കെ ഒരു ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോള്‍ തനിക്ക് അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ബിരുദമുണ്ടെന്ന് സ്മൃതി പറഞ്ഞിരുന്നു.

അതേസമയം, 4.71 കോടി രൂപ ആസ്തിയുണ്ടെന്നാണ് പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. 1991ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് വ്യക്തമാക്കുന്നത്. 1994ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മോദി അധികാരമേറ്റപ്പോള്‍ സ്മൃതിയെയും മന്ത്രിസഭയിലുള്‍പ്പെടുത്തുകയും പ്രധാനപ്പെട്ട വകുപ്പായ മാനവവിഭവശേഷി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെയടക്കം നിയന്ത്രണമുള്ള വകുപ്പിന്റെ മന്ത്രി ബിരുദധാരി പോലുമല്ലെന്ന ആരോപണം പ്രതിപക്ഷമുയര്‍ത്തിയതോടെ വലിയ വിവാദമായിരുന്നു.