സ്മൃതി ഇറാനിയെ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കുമോ

single-img
12 April 2019

തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ വ്യാജ രേഖകൾ സമർപ്പിക്കുകയും പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങൾ നൽകുകയും ചെയ്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കണമെന്ന് കോൺഗ്രസ്. കേന്ദ്രമന്ത്രിയെന്ന പദവി അവർ ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ആരോപിച്ചു.

സ്മൃതി ഇറാനി ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അവർ നേരത്തെ പലതവണ തള്ളിക്കളഞ്ഞതാണ്. എന്നാൽ, ബിരുദ കോഴ്സിന് ചേർന്നുവെങ്കിലും അത് പൂർത്തിയാക്കിയില്ലെന്ന് അവർ കഴിഞ്ഞ ദിവസം സമ്മതിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ അവർ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവർക്ക് അയോഗ്യത കൽപ്പിക്കണമെന്നും കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

സ്മൃതി ഇറാനിക്ക് ബിരുദം ഉണ്ടോ ഇല്ലയോ എന്നത് കോൺഗ്രസിന് പ്രശ്നമല്ല. അവർ തുടർച്ചയായി കള്ളം പറഞ്ഞതാണ് വിഷയം. സത്യപ്രതിജ്ഞയിലും കോടതിയിലും കള്ളം പറഞ്ഞു. ഇത്തരത്തിൽ കള്ളം പറഞ്ഞു നടക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകും. വ്യാജരേഖകൾ സമർപ്പിച്ചു എന്നുമാത്രമല്ല, പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങൾ നൽകുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് അവർ നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

കേന്ദ്രമന്ത്രിയും അമേഠി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സ്മൃതി ഇറാനി കഴിഞ്ഞ ദിവസമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് അവർ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ, 2014 ൽ നൽകിയ സത്യവാങ്മൂലത്തിൽ ബരുദധാരിയാണെന്ന് അവർ അവകാശപ്പെട്ടിരുന്നുവെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഈ വിഷയത്തിൽ ബിജെപിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.