‘ഇത് വര്‍ഗീയമല്ലെങ്കില്‍ പിന്നെന്താണെന്ന് എനിക്കറിയില്ല’: അമിത് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൂജ ഭട്ട്

single-img
12 April 2019

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്നും തുരത്തുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ നടി പൂജാ ഭട്ടും ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാനും രംഗത്തെത്തി. ഡാര്‍ജിലിങില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.

‘ഇത് വര്‍ഗീയമല്ലെങ്കില്‍ പിന്നെന്താണെന്ന് എനിക്കറിയില്ല. ഇത് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കുന്നതല്ലെങ്കില്‍ പിന്നെന്താണെന്ന് എനിക്കറിയില്ല. ഇത് വിദ്വേഷ രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ അതെന്താണെന്ന് എനിക്കറിയില്ല. ഇതാണോ ഇന്ത്യ? മതേതര ഇന്ത്യയെന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു’ പൂജാ ഭട്ട് ട്വീറ്റ് ചെയ്തു.

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ സോണിയും പ്രതികരിച്ചു ‘ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും മോശമായ കാര്യമാണിത്. ഈ പറഞ്ഞത് തന്നെയാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍ ദൈവത്തിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ!’ എന്നാണ് സോണി റസ്ദാന്‍ ട്വീറ്റു ചെയ്തത്.