പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

single-img
12 April 2019

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീല്‍ കോടതി തള്ളി. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ്: എ എം ഷഫീഖ്, ജസ്റ്റീസ് അശോക് മേനോന്‍ എന്നിവരങ്ങുന്ന ഡബിള്‍ ബഞ്ചാണ് വിധി പറഞ്ഞത്.

എന്‍ഐഎ കോടതി നാലു വര്‍ഷം തടവിനു ശിക്ഷിച്ച ഒന്നാം പ്രതി ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ്, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിക്, 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍ അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.

2006ല്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആലുവയ്ക്കടുത്ത് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ ‘സ്വാതന്ത്ര്യ ദിനത്തില്‍ മുസ്ലിംകളുടെ പങ്ക്’ എന്ന പേരില്‍ നടത്തിയ സംവാദ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യ യോഗമായിരുന്നുവെന്നായിരുന്നു എന്‍ഐഎ ആരോപിച്ചത്.

എന്നാല്‍ നേരത്തെ ഓഡിറ്റോറിയം ബുക്ക് ചെയ്ത് സര്‍ക്കാര്‍ ജീവനക്കാരെയും പൊലീസിനെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി സിമിയുടെ രഹസ്യ ക്യാംപാണ് എന്ന് ചിത്രീകരിക്കുകയായിരുന്നെന്നും ശിക്ഷിച്ചത് തെളിവില്ലാതെയാണെന്നുമാണ് അപ്പീല്‍ ഹര്‍ജിയില്‍ വാദിച്ചത്.