സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയൂ; ഉണ്ടാക്കാന്‍ അറിയില്ല: മോദി

single-img
12 April 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് രാഹുലിനെ മോദി വിശേഷിപ്പിച്ചത്. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയുകയുള്ളു എന്നും അവര്‍ക്കൊരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമാണ് അറിയുന്നത്. എന്നാല്‍ നല്ല ചായയ്ക്കായി തേയില പെറുക്കുമ്പോള്‍ കൈകള്‍ മുറിയുമെന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയുക പോലുമില്ല. അവര്‍ക്കൊരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലെന്നും മോദി പറഞ്ഞു.

അതിനിടെ, റഫാല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ ബിജെപി കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

റഫാല്‍ ഇടപാടില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ മോഷണം നടത്തിയെന്ന് തെളിയുകയാണ് സുപ്രീംകോടതി വിധിയിലൂടെ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നാണ് മീനീക്ഷി ലേഖി ചൂണ്ടിക്കാട്ടുന്നു.