ജേക്കബ് തോമസിനെ ‘കുരുക്കിലാക്കി’ വിജിലന്‍സ്

single-img
12 April 2019

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ് എടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് കേസ്. അഴിമതി നിരോധന നിയമപ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14 കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നാണ് ജേക്കബ് തോമസിനെതിരെയുള്ള ആരോപണം. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നുമാണ് പ്രധാന ആരോപണങ്ങള്‍.

2009 – 14 കാലഘട്ടത്തിലായിരുന്നു ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്. ഈ കാലഘട്ടത്തില്‍ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.

14.96 കോടിരൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ധനകാര്യ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് കേസെടുക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കപ്പെടുന്നതും വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം ലഭിക്കുന്നതും. ഹോളണ്ടില്‍നിന്നുള്ള ഒരു കമ്പനിയില്‍നിന്നാണ് ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയത്. ഈ കമ്പനിക്കെതിരെയും കേസ് എടുത്തിട്ടുള്ളത്.

കുറച്ചുകാലമായി സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടലിലാണ് ജേക്കബ് തോമസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. നടപടികളില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് അദ്ദേഹം മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു.