സുഡാനില്‍ പ്രസിഡന്റിനെ പുറത്താക്കി സെെന്യം നിയന്ത്രണമേറ്റെടുത്തു; രാജ്യത്ത് അടിയന്തിരാവസ്ഥ; ഭരണം സിവിലിയന്‍ സര്‍ക്കാരിന് കൈമാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍

single-img
12 April 2019

സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബാഷിറിനെ സൈന്യം പദവിയില്‍ നിന്ന് നീക്കി അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി30 വര്‍ഷമായി അധികാരത്തില്‍ തുടരവെയാണ് സൈന്യം നടപടിയെടുത്തത്. രാജ്യത്ത് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുഡാനില്‍ നടന്നുവന്ന സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റിനെതിരായ നടപടി. സുഡാന്‍ പ്രതിരോധ മന്ത്രി അവാദ് ഇബ്നു ഔഫ് ഭരണ ചുമതല ഏറ്റെടുത്തു.

അടിയന്തിരാവസ്ഥയ്ക്കൊപ്പം രാത്രികാലങ്ങളില്‍ കര്‍ഫ്യൂ തുടരാനും തീരുമാനിച്ചു. സൈന്യത്തിന്റെ ഈ നടപടിയെ പ്രതിഷേധക്കാര്‍ എതിര്‍ത്തു. വളരെ നാളുകളായി തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേടാന്‍ ഈ നടപടികൊണ്ടാകില്ലെന്നാണ് അവരുടെ പക്ഷം. അതിനാല്‍ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വന്നതുമുതല്‍ സൈനിക കേന്ദ്രത്തിന് മുന്നില്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഭരണം ഒരു സിവിലിയന്‍ സര്‍ക്കാരിന് കൈമാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ സുഡാന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. തങ്ങളെ ആരാണ് ഭരിക്കേണ്ടത് എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പറ‍ഞ്ഞു.

അതേസമയം, ജനാധിപത്യ രീതിയിലുള്ള മാറ്റമാണ് വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു, പ്രസിഡന്റ് ബാഷിറിനെ പുറത്താക്കിയ നടപടിയെ പിന്തുണച്ച് ഈജിപ്ത് രംഗത്തെത്തിയപ്പോള്‍ ആഫ്രിക്കന്‍ യൂണിയന്‍ വിമര്‍ശിച്ചു.