എനിക്ക് വേണം തൃശൂര്‍ മണ്ഡലം, നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പു കുലുക്കിയായും തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാന്‍ പിന്നിലുണ്ടാകും: സുരേഷ് ഗോപി

single-img
12 April 2019

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ തനിക്ക് വിജയിച്ചേ തീരുവെന്നും അവിടെ തന്നെ ജീവിച്ചുകൊണ്ട് തൃശൂരിനെ സേവിക്കുമെന്നും എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി.‘എനിക്ക് വേണം തൃശൂര്‍ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാന്‍ ഈ മണ്ഡലത്തെ സേവിക്കുക. അതിനായി ഞാന്‍ ഒരുകോല്‍ മുന്‍കൂട്ടി നീട്ടി എറിയുകയാണ്. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നളളിക്കരുത്.

തൃശൂരുകാർ തനിക്ക് നെറ്റിപ്പട്ടം ചാർത്തി തന്നാൽ കൊമ്പു കുലുക്കിയായും തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാന്‍ പിന്നിലുണ്ടാകുമെന്ന് സുരേഷ് ഗോപി ജനങ്ങളോട് പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തന്റെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണെന്നും അവസാന നിമിഷം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥി ആയതിനാൽ 17 ദിവസമാണ് പ്രചരണത്തിനായി ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഈ കുറഞ്ഞ ദിവസംകൊണ്ട് എങ്ങിനെ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി പറഞ്ഞത് ഞാനുണ്ട് കൂടെയെന്നാണ്. കൂടെ മറ്റു മന്ത്രിമാരും തനിക്കൊപ്പമുണ്ട്. ഇത് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത് എന്നും സുരേഷ് ഗോപി പറയുന്നു. കേരളാ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രളയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓര്‍മ്മിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം പറയുന്നു.

ഈ ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ഇവിടെ യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. എന്നാൽ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ന് ഇരിങ്ങാലക്കുട മാപ്രാണത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.