ധോണിക്ക് ഈ രാജ്യത്ത് എന്തുമാകാമോ?; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

single-img
12 April 2019

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അമ്പയറോട് തര്‍ക്കിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോണിയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍. അവസാന ഓവറില്‍ നോ ബോള്‍ വിളിച്ച അമ്പയര്‍ പിന്നീട് അത് പിന്‍വലിച്ചതാണ് ധോണിയെ ദേഷ്യം പിടിപ്പിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട ധോണി ഡഗ് ഔട്ടില്‍ നിന്ന് ഇറങ്ങി വന്ന് അമ്പയറോട് കയര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ ട്വീറ്റിലൂടെ ആദ്യ രംഗത്തെത്തിയത് മൈക്കല്‍ വോണാണ്. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതെന്നും ഡഗ് ഔട്ടിലിരിക്കുന്ന ക്യാപ്റ്റന് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ യാതൊരു അവകാശവുമില്ലെന്നും വോണ്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

എന്നാല്‍ വോണിന്റെ ഈ ട്വീറ്റിന് ഒരു ആരാധകന്‍ മറുപടിയുമായെത്തി. ധോണിയുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നതായിരുന്നു ഇത്. എന്നാല്‍ വോണിന് അത് രസിച്ചില്ല. വിഡ്ഢിത്തം പറയരുതെന്നും ക്യാപ്റ്റന്‍ എന്ന നിലയില്‍ അമ്പയറുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു വോണിന്റെ മറുപടി. ധോണിയുടെ ഈ നടപടി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി.

മാര്‍ക്ക് വോ (മുന്‍ ഓസീസ് താരം)

ടീം ഉടമകളില്‍നിന്ന് താരങ്ങള്‍ക്കു മേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടെന്നറിയാം. വന്‍ തുക ഐപിഎല്ലില്‍ മുതല്‍മുടക്കിയിട്ടുണ്ടെന്നും അറിയാം. എങ്കിലും അടുത്തിടെ ഐപിഎല്ലില്‍ നടന്ന രണ്ടു സംഭവങ്ങള്‍ പൂര്‍ണമായും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍മാരായ രവിചന്ദ്രന്‍ അശ്വിനുമായും (മങ്കാദിങ്) മഹേന്ദ്രസിങ് ധോണിയുമായും ബന്ധപ്പെട്ട സംഭവങ്ങളാണ് അവ. രണ്ടും ഒട്ടും അഭികാമ്യമായി തോന്നുന്നില്ല.

ഹര്‍ഷ ഭോഗ്‌ലെ (കമന്റേറ്റര്‍)

ധോണി ഇത്തരത്തില്‍ (അംപയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത്) മൈതാനത്തിറങ്ങുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്. മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടിയതുപോലെ താന്‍ ചെയ്തത് പൂര്‍ണമായും തെറ്റാണെന്ന് ധോണി പിന്നീട് തിരിച്ചറിയും.

ഹേമാങ് ബദാനി (മുന്‍ ഇന്ത്യന്‍ താരം)

നോബോളെന്നല്ല, കളിക്കളത്തില്‍ തന്റെ ഏതു തീരുമാനവും തിരുത്താന്‍ അംപയര്‍ക്ക് അധികാരമുണ്ട്. ഈ പ്രശ്‌നം ധോണി കൈകാര്യം ചെയ്ത രീതി എന്നെ അദ്ഭുതപ്പെടുത്തി. ക്യാപ്റ്റന്‍ കൂളില്‍നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല.

ഷോണ്‍ ടെയ്റ്റ് (ഓസീസ് ക്രിക്കറ്റ് താരം)

ഇത്തരത്തില്‍ മൈതാനത്തിറങ്ങാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. ഇത് പറമ്പിലെ ക്രിക്കറ്റ് കളിയോ അണ്ടര്‍ 10 ടൂര്‍ണമെന്റോ അല്ല. ഇത് ഐപിഎല്ലാണ്. നിങ്ങള്‍ വെറും കളിക്കാരനാണെന്ന ഓര്‍മ എപ്പോഴും വേണം. ധോണിക്ക് ഈ ബോധ്യം ഇടയ്ക്കിടെ നഷ്ടമാകുന്നുണ്ടെന്നു തോന്നുന്നു. നിങ്ങള്‍ അധികാരിയല്ല. അധികാരികളെ തിരുത്താന്‍ അവകാശവുമില്ല. തീര്‍ത്തും അപരിചതമായ സമീപനമായിരുന്നു ധോണിയുടേത്.

സ്റ്റീഫന്‍ ഫ്‌ലെമിങ് (ചെന്നൈ പരിശീലകന്‍)

അവിടെ സംഭവിച്ച കാര്യങ്ങളില്‍ വ്യക്തത തേടുക മാത്രമാണ് ധോണി ചെയ്തത്. ആദ്യം ഒരു പന്തു നോബോള്‍ വിളിക്കുകയും പിന്നീടു തിരുത്തുകയുമാണ് ഉണ്ടായത്. കളിയുടെ ഏറ്റവും നിര്‍ണായക നിമിഷത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്താണെന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ഇക്കാര്യത്തില്‍ വ്യക്തത തേടിയാണ് ധോണി അംപയര്‍മാരെ സമീപിച്ചത്. അതില്‍ കൂടുതല്‍ ഇതില്‍ ഒന്നുമില്ല.