ധോണിക്ക് നിയന്ത്രണം വിട്ടു; ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നു; പക്ഷേ കിട്ടിയത് ‘എട്ടിന്റെ പണി’

single-img
12 April 2019

ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണി ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന് സകല നിയന്ത്രണവും വിട്ടു. ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് ദേഷ്യപ്പെടുന്നത് വരെ എത്തി കാര്യങ്ങള്‍. ഒടുവില്‍ ക്രിക്കറ്റ് നിയമം ലംഘിച്ചതിനാല്‍ മാച്ച് ഫീയുടെ 50% ധോണി പിഴയായി നല്‍കേണ്ടിവരും.

ചെന്നൈ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ധോണി പുറത്തായതിനു പിന്നാലെയാണ് നടപടിക്ക് ആധാരമായ സംഭവവികാസങ്ങളുടെ തുടക്കം. ഈ സമയം ക്രീസില്‍ രവീന്ദ്ര ജഡേജയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ധോണിക്കു പകരമെത്തിയ മിച്ചല്‍ സാന്റ്‌നറും. ചെന്നൈയ്ക്കു വിജയത്തിലേക്കു വേണ്ടത് മൂന്നു പന്തില്‍ എട്ടു റണ്‍സ്.

ഓവറിലെ നാലാം പന്ത് ബെന്‍ സ്റ്റോക്‌സ് എറിഞ്ഞതിനു പിന്നാലെ അംപയര്‍ ഉല്ലാസ് ഗാന്ധെ നോബോളാണെന്ന് അടയാളം കാട്ടി. എന്നാല്‍ ലെഗ് അംപയറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഈ തീരുമാനം മാറ്റി. ഈ പന്തില്‍ ജഡേജ–സാന്റ്‌നര്‍ സഖ്യം ഡബിള്‍ ഓടിയെടുത്തു.

ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അംപയറുടെ നടപടിക്കെതിരെ ക്രീസില്‍നിന്ന രവീന്ദ്ര ജഡേജ തര്‍ക്കിച്ചു. നോബോള്‍ തീരുമാനത്തില്‍ അംപയര്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തില്‍ അഞ്ചു റണ്‍സായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു.

ജഡേജ പ്രതിഷേധിച്ചതോടെ ഉല്ലാസ് ഗാന്ധെയും ലെഗ് അംപയര്‍ ഓക്‌സെന്‍ഫോര്‍ഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ ധോണി ഡഗ് ഔട്ടില്‍നിന്നും മൈതാനത്തേക്ക് എത്തി.

അംപയര്‍ ആദ്യം വിളിച്ച സാഹചര്യത്തില്‍ നോബോള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. പക്ഷേ അംപയര്‍ അനുവദിച്ചില്ല. കുറച്ചുനേരം അംപയറിനു നേരെ കൈചൂണ്ടി സംസാരിച്ച ധോണി, ശേഷം ഡഗ് ഔട്ടിലേക്കു മടങ്ങി. അവസാന പന്തില്‍ സിക്‌സ് നേടിയ സാന്റ്‌നര്‍ ചെന്നൈയ്ക്ക് സീസണിലെ ആറാം ജയം സമ്മാനിക്കുകയും ചെയ്തു.

ഐപിഎല്‍ നിയമാവലി പ്രകാരം ലെവല്‍ രണ്ട് വിഭാഗത്തില്‍പ്പെടുന്ന കുറ്റമാണ് ധോണി ചെയ്തതെന്ന് പിന്നീട് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി. കളിയുടെ അന്തസിനു നിരക്കാത്ത പ്രവര്‍ത്തിയാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ധോണി അംഗീകരിച്ചതോടെ ഈ കുറ്റത്തിനുള്ള ഏറ്റവും ലഘുവായ ശിക്ഷയായ 50 ശതമാനം മാച്ച് ഫീ പിഴ വിധിക്കുകയായിരുന്നു. ധോണിയില്‍നിന്ന് ഇത്തരമൊരു പിഴവ് ആദ്യമായാണ് സംഭവിച്ചതെന്നതും ശിക്ഷ ലഘുവാക്കാന്‍ കാരണമായി.