ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു; ബിജു രാധാകൃഷ്ണന്‍ ജീവപര്യന്തത്തില്‍ നിന്ന് ഒഴിവായത് ഹൈക്കോടതിയില്‍ സ്വന്തമായി വാദിച്ച്

single-img
12 April 2019

ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിജുവിന്റെ അമ്മ രാജമ്മാളിന്റെ മൂന്നു വര്‍ഷത്തെ തടവും റദ്ദാക്കി.

ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികള്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്.

വിചാരണക്കോടതി ഉത്തരവിനെതിരേ ബിജു രാധാകൃഷ്ണന്‍ നല്‍കിയ അപ്പീലിലാണ് നടപടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ബിജുവിന്റെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൊഴി മാത്രം കണക്കിലെടുക്കാനാകില്ലെന്നും കോടതി അറിയിച്ചു.

വിചാരണ കോടതി വിധിയെ തുടര്‍ന്ന് പൂജപ്പുര ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ബിജു. രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രാജമ്മാളിന് സ്ത്രീധന പീഡനക്കേസില്‍ പരമാവധി ശിക്ഷയായ മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.

കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റത്തിന് ബിജു രാധാകൃഷ്ണനും സ്ത്രീധന പീഡനം, കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് രാജമ്മാളിനെയും ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയില്‍ സ്വന്തമായി വാദിച്ചാണ് ബിജു രാധാകൃഷ്ണന്‍ ജീവപര്യന്തത്തില്‍ നിന്ന് ഒഴിവായിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.