ചാമ്പ്യന്‍സ് ലീഗ്; സെല്‍ഫ് ഗോളില്‍ ബാഴ്‌സയോട് യുണൈറ്റഡ് പരാജയപ്പെട്ടു; യുവന്റസിന് സമനില

single-img
11 April 2019

ലണ്ടന്‍: ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ക്ലാസിക് പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ബാഴ്‌സലോണയോട് ഒരു ഗോളിന് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അപൂര്‍വമായി സംഭവിക്കുന്ന സെല്‍ഫ് ഗോളിലാണ് യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിയത്. സൂപ്പര്‍താരമായ മെസ്സിയുള്‍പ്പെടെ വമ്പന്‍ താരനിരയുമായിറങ്ങിയ ബാഴ്‌സലോണയെ ഗോളടിക്കാന്‍ വിടാതെ തടഞ്ഞുനിര്‍ത്താന്‍ യുണൈറ്റഡിന് കഴിഞ്ഞെങ്കിലും സെല്‍ഫ് ഗോള്‍ തിരിച്ചടിയായി.

കളിയുടെ 12-ാം മിനിറ്റില്‍ ലൂക്ക് ഷായാണ് യുണൈറ്റഡിന്റെ വിധിയെഴുതിയ സെല്‍ഫ് ഗോളിന്റെ ഉടമ. സുവാരസ് നല്‍കിയ ആറ് വാര അകലെ നിന്നുമുള്ള ഹെഡര്‍ ക്ലിയര്‍ ചെയ്യാനുള്ള ഷായുടെ നീക്കം പിഴയ്ക്കുകയായിരുന്നു. മെസ്സിയോടൊപ്പം നിറഞ്ഞുകളിച്ച സുവാരസ് യുണൈറ്റഡിന് പലവട്ടം ഭീഷണിയുയര്‍ത്തി.

മുന്‍ മത്സരങ്ങള്‍ പോലെ പന്ത് കൈവശം വെക്കുന്നതിലും, പാസുകളുടെ കൃത്യതയിലും ബാഴ്സയായിരുന്നു മുന്നില്‍. കളിയിലെ സമനില നേടാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല.

അതേസമയം, മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് നെതര്‍ലന്‍ഡ്‌സ് ടീം അയാക്‌സിനോട് സമനില വഴങ്ങി.സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 45-ാം മിനിറ്റില്‍ നേടിയ ഗോളില്‍ യുവന്റസ് മുന്നെലെത്തിയെങ്കിലും 46-ാം മിനിറ്റില്‍ ഡേവിഡ് നെരെസ് അയാക്‌സിനെ ഒപ്പമെത്തിച്ചു.