നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നു; പരാതിയുമായി തുറവൂരിലെ 21 വീട്ടമ്മമാര്‍

single-img
11 April 2019

സ്ത്രീകളുടെ ചിത്രങ്ങളെടുത്തു മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. 5 പേരടങ്ങുന്ന യുവാക്കളാണു പ്രദേശവാസികളായ പല സ്ത്രീകളുടെയും ചിത്രങ്ങളില്‍ തല വെട്ടിമാറ്റി മോശമായ ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മിലെ തര്‍ക്കമാണു സംഭവം നാട്ടുകാരറിയാന്‍ ഇടയാക്കിയത്.

യുവാക്കളില്‍ ഒരാള്‍ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെയാണ് സ്ത്രീകള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ ചിത്രങ്ങളും ഇവരുടെ പക്കലുണ്ടെന്ന് പരാതിയില്‍ പറയുന്നു. കുത്തിയതോട് പോലീസില്‍ പരാതിയുമായി ചെന്ന തങ്ങളെ മടക്കിയയച്ചതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചതെന്ന് പരാതിക്കാര്‍ പറഞ്ഞു.

പരാതി പറയാനെത്തിയവര്‍ എഴുതിനല്‍കാന്‍ തയാറാകാഞ്ഞതിനാലാണ് കേസെടുക്കാതിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തിട്ടുണ്ടെന്നും വിശദമായി അന്വേഷണം നടത്താന്‍ എസ്.ഐ.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കുത്തിയതോട് സി.ഐ. കെ.ബി. മനോജ്കുമാര്‍ പറയുന്നത്.

എന്നാല്‍, അന്വേഷണച്ചുമതല തനിക്കല്ലെന്നും സി.ഐ.ക്ക് ആണെന്നുമാണ് എസ്.ഐ. പറയുന്നത്. പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കാന്‍ കുത്തിയതോട് പോലീസ് നടത്തുന്ന ശ്രമത്തില്‍ കോണ്‍ഗ്രസ് തുറവൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.