യുഡിഎഫിന്‍റെ രാഹുല്‍ എഫക്ടിന് മറുപടി: ഇടതുപക്ഷത്തിന്‍റെ വയനാട് റാലിയില്‍ വന്‍ ജനപങ്കാളിത്തം

single-img
11 April 2019

വയനാട്: വയനാട്ടിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന റാലിയില്‍ വന്‍ ജനപങ്കാളിത്തം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കൽപ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ ആരംഭിച്ചത്. മന്ത്രിമാരായ എം എം മണി, കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, തുടങ്ങിയ ഇടത് നേതാക്കള്‍ നടത്തുന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

വയനാട് മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി നടത്തുന്ന റാലികളില്‍ മുഖ്യമന്ത്രി പങ്കെടുത്ത കല്‍പ്പറ്റയിലെ പരിപാടിയ്ക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായി പങ്കെടുക്കുന്ന പൊതുയോഗമായി തീരുമാനിച്ചത് രാഹുലിന്‍റെ വരവോടെ റോഡ് ഷോയിലേക്ക് വഴി മാറുകയായിരുന്നു. മണ്ഡലത്തിന്റെ ഉള്‍പ്രദേശങ്ങളില്‍നിന്ന് പോലും പ്രവര്‍ത്തകരെ എത്തിച്ച് വലിയ പങ്കാളിത്തത്തോടെയാണ് റാലി സംഘടിപ്പിച്ചത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒരു എതിരാളിയേ അല്ലെന്ന തരത്തിലേക്ക് ഇടത് നേതാക്കള്‍ പ്രചാരണ തന്ത്രം മാറ്റിയത് അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ആവേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ രാഹുല്‍ ഗാന്ധിയോട് വിട്ടുവീഴ്ചയില്ലെന്ന മനോഭാവമാണ് ഇപ്പോള്‍ ഇടത്പക്ഷം സ്വീകരിക്കുന്നത്.

വയനാട് ലോക്സഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള മൂന്നാം തെരഞ്ഞെടുപ്പാണ് വയനാട് മണ്ഡലത്തിലേത്. 2009 – 2014 തെരഞ്ഞെടുപ്പുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഇടതുമുന്നണിക്ക് ഇത്തവണ കഴിഞ്ഞിട്ടുണ്ട്.