‘തിരുവനന്തപുരത്ത് ചെന്നിത്തല കാലുവാരുന്നോ?’; നേതൃത്വത്തിന് പരാതിപ്രവാഹം: പരാതിയുമായി പാലക്കാട്, കോഴിക്കോട് സ്ഥാനാര്‍ഥികളും

single-img
11 April 2019

പ്രചാരണരംഗത്ത് പാര്‍ട്ടിയില്‍നിന്ന് വേണ്ട സഹകരണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശശി തരൂര്‍, പാലക്കാട്ടെ സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍, കോഴിക്കോട്ടെ സ്ഥാനാര്‍ഥി എം.കെ.രാഘവന്‍ എന്നിവരാണ് കെ.പിസിസിയോടും ഹൈക്കമാന്‍ഡിനോടും പരാതിപ്പെട്ടത്.

മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പ് നേതാക്കളും പ്രചാരണത്തിന് രംഗത്തിറങ്ങുന്നില്ലെന്നാണ് സ്ഥാനാര്‍ത്ഥികളുടെ പരാതി. ശശി തരൂരിനെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ ഐ ഗ്രൂപ്പ് നേതാക്കളോ പ്രവര്‍ത്തകരോ പ്രചാരണത്തിന് രംഗത്തിറങ്ങുന്നില്ല എന്ന പരാതിയാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയാണ് പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രഭാവം മറ്റ് മണ്ഡലങ്ങളിലേക്കും അലയടിക്കുമെന്നും അത് എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനിടയാക്കുമെന്നുമാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

എന്നാല്‍ പ്രചാരണം ശക്തമാക്കണമെന്ന അഭിപ്രായമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ളത്. വിഷയത്തില്‍ കെപിസിസി ഇടപെട്ടതായാണ് വിവരം. ശശി തരൂര്‍ പരാജയപ്പെട്ടാല്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി നേതൃത്വം അറിയിച്ചിരിക്കുന്നതെന്ന് ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പ്രചാരണരംഗത്ത് പോരായ്മകളുണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കുമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. താന്‍ പരാതിപ്പെട്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ല; ചിലയിടങ്ങളില്‍ പോരായ്മകളുണ്ടെന്ന് പറയുന്നു. ഇത് പാര്‍ട്ടി പരിഹരിക്കുമെന്നും തരൂര്‍ പറഞ്ഞു.

നേരത്തേ ഒരോ മണ്ഡലത്തിലേയും തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്ന നേതാക്കന്മാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മണക്കാട് പ്രദേശത്തിന്റെ ചുമതല നല്‍കിയിരുന്ന, തിരുവനന്തപുരം ഡിസിസി അംഗം കൂടിയായിരുന്ന സതീഷ് ചന്ദ്രന്‍ ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സഹകരിക്കാത്തവര്‍ക്കെതിരെ ഡിസിസിയില്‍ പരാതി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായി.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയെ പരാതിക്ക് ഇട നല്‍കിയ മണ്ഡലത്തിന്റെ ചുമതലയില്‍നിന്ന് മാറ്റി. പ്രാദേശിക നേതാക്കളുടെ ഈഗോ പ്രശ്‌നമെന്ന് പറഞ്ഞ് ജില്ല കോണ്‍ഗ്രസ് നേതൃത്വം വിഷയം തള്ളുമ്പോഴും സംസ്ഥാന നേതൃത്വം ഗൗരവമായാണ് ആക്ഷേപങ്ങളെ കാണുന്നത്.

തെരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ശേഷിക്കേയാണ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം. ഹാട്രിക് ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍, എല്‍.ഡി.എഫിന്റെ. സി. ദിവാകരന്‍, ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍ എന്നിവരില്‍നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.

കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനെത്തത്തിയ മണ്ഡലത്തിലെ നാല് നിയമസഭ മണ്ഡലങ്ങളിലും അവര്‍ ലീഡ് നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് അക്കൗണ്ടും തുറന്നു. ഈ വെല്ലുവിളിയെയും ഇടതു മുന്നണിയുടെ ശക്തമായ പ്രചാരണത്തെയും ഒരുപോലെ മറികടക്കുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിന് മുന്നില്‍.

ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ തെറ്റായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നെന്നും, ഇവരുടെ പേരില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എയും പ്രചാരണസമിതി അധ്യക്ഷനുമായ വി.എസ്.ശിവകുമാര്‍ ലോക്‌നാഥ് ബഹ്‌റക്ക് പരാതി നല്‍കിയത്.

അതിനിടെ ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ കല്ലിയൂര്‍ മുരളി ബിജെപി യില്‍ ചേര്‍ന്നു. അതേസമയം ബിജെപി മണ്ഢലത്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കുമ്മനത്തിനു പിന്തുണയുമായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരും മണ്ഢലത്തില്‍ സജീവമായി.