കിഴക്കമ്പലത്ത്കാരെ ആക്ഷേപിച്ച ബെന്നി ബഹനാന് വോട്ടില്ല; യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാനെതിരെ പ്രതിഷേധ മാര്‍ച്ചിന് ഒരുങ്ങി ട്വന്റി20

single-img
11 April 2019

ചാലക്കുടി: ട്വന്റി20 എന്നത് വെറുമൊരു ക്രിക്കറ്റ് കളിയാണെന്നും ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ട്വന്റി20 ഒന്നുമല്ലെന്നുമുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ പരിഹാസത്തിനെതിരെ കിഴക്കമ്പലത്ത് വ്യാപക പ്രതിഷേധം ഉയരുന്നു. ട്വന്റി20യുടെ കുടുംബയോഗങ്ങളിലാണ് പ്രതിഷേധം ശക്തമായത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പരസ്യമായി പറഞ്ഞ പരിഹാസങ്ങള്‍ക്കെതിരെ മറുപടി നല്‍കണമെന്ന് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. പൊതുവികാരത്തിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ ബെന്നിയ്‌ക്കെതിരെ മണ്ഡലത്തില്‍ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കും. കിഴക്കമ്പലം ജനങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ബെന്നി ബഹനാന് വോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഈ മാസം 14 ന് വൈകിട്ട് നാല് മണിക്ക് പ്രതിഷേധ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 മത്സരിക്കുമെന്ന് അറിഞ്ഞതോടെ ബെന്നി ബഹനാന്‍ നിരവധി വേദികളില്‍ ഇവരെ പരിഹസിച്ചിരുന്നു. എന്നാല്‍ ഡിജിപി ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്തിലായപ്പോള്‍ ട്വന്റി20 മത്സരത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു. ഇതോടുകൂടി ജയസാധ്യത മുന്നില്‍ കണ്ട് ഇടതു വലത് സ്ഥാനാര്‍ത്ഥികള്‍ പോര് ശക്തമാക്കുകയും ചെയ്തു. ഇതിനിടെക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അധിക്ഷേപത്തിനെതിരെ ട്വന്റി20 പ്രതിഷേധവുമായി രംഗത്തെത്തിയത്.