‘സ്വാതന്ത്ര്യ സമരത്തില്‍ പങ്കു വഹിച്ചവര്‍ക്കേ വയനാടിന്റെ ചരിത്രം മനസിലാകുകയുള്ളൂ; അമിത് ഷായ്ക്ക് എന്തറിയാം?’; ആഞ്ഞടിച്ച് പിണറായി

single-img
11 April 2019

വയനാടിനെ പാക്കിസ്ഥാനുമായി ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെപ്പറ്റി വല്ലതും അമിത് ഷായ്ക്ക് അറിയുമോയെന്നും സ്വാതന്ത്ര്യസമരത്തില്‍ എന്തെങ്കിലും പങ്കു വഹിച്ചവര്‍ക്കേ അത്തരം ചരിത്രങ്ങള്‍ അറിയാനാകുകയുള്ളുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരായ ഈ രാജ്യത്തിന്റെ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെപ്പറ്റി എന്തെങ്കിലും അറിയാമോ. പഴശ്ശിരാജയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ അണി നിരന്നത് വയനാട്ടിലെ കുറിച്യപടയായിരുന്നു. ആ ധാരണയുണ്ടായിരുന്നെങ്കില്‍ വയനാടിനെ പാക്കിസ്ഥാനുമായി ഉപമിക്കാന്‍ കഴിയില്ലായിരുന്നുവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പഴശ്ശിരാജയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന നിന്നത് വയനാടിന്റെ കുറിച്യപ്പടയാണെന്ന് ആര്‍ക്കാണെന്നറിയാത്തത്. അത്തരത്തില്‍ ഒരു നാടിനെ അപമാനിക്കാന്‍ പാടുണ്ടോ എന്നും പിണറായി ചോദിച്ചു. അമിത് ഷായുടെ പച്ചക്കൊടി പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയുടെ ആസിയാന്‍ നിലപാടിനെയും വിമര്‍ശിക്കാന്‍ മറന്നില്ല.

ആസിയാന്‍ കരാറിന്റെ പേരില്‍ വയനാട്ടിലെ കര്‍ഷകരോട് ഖേദം പ്രകടിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റിനോടോ ആസിയാന്റെ ദുരിതം ഇന്നും അനുഭവിക്കുന്ന കേരള സംസ്ഥാനത്തോടോ ഒന്നും ചര്‍ച്ച ചെയ്യാതെ അംഗീകരിച്ച കരാര്‍ ആയിരുന്നു ആസിയാനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

‘രാഹുല്‍ ഗാന്ധിയുടെ കൂടി അറിവോടെയാണ് ആസിയാന്‍ കരാര്‍ വന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ ആസിയാന്‍ കരാര്‍ ഒപ്പിട്ടതിന്റെ ഫലമായി കൃഷിക്കാര്‍ അനുഭവിച്ച ദുരിതത്തിന് ഇവിടുത്തെ കര്‍ഷകരോട് ഖേദമെങ്കിലും പ്രകടിപ്പിക്കാന്‍ തയ്യാറാവണം. പാര്‍ലമെന്റിനോടോ ദുരിതമനുഭവിക്കുന്ന കേരള സംസ്ഥാനത്തോടോ ഒന്നും ചര്‍ച്ച ചെയ്യാതെ അംഗീകരിച്ച കരാര്‍ ആയിരുന്നു ആസിയാന്‍’. ഇപ്പോഴും അതിന്റെ കെടുതി കൃഷിക്കാര്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇപ്പോള്‍ പുതിയ കരാര്‍ ഒപ്പിടാന്‍ തയ്യാറാവുകയാണ്. അപ്പോഴും കോണ്‍ഗ്രസ്സിന് പഴയ സമീപനം തന്നെയാണ്. സംസ്ഥാനത്തെ കര്‍ഷകരെ മാത്രമല്ല ആസിയാന്റെ ദുരിതം ബാധിച്ചത്. കര്‍ഷക ആത്മഹത്യ തെലങ്കാനയില്‍ മന്‍മോഹന്‍ സിങിന്റെ കാലത്താണ് പെരുകിയത്. 2014 മുതല്‍ 19 വരെയുള്ള കാലഘട്ടവും വ്യത്യസ്തമല്ല.

പൊതുമേഖല സ്ഥാപനങ്ങള്‍ വമ്പിച്ച തോതില്‍ സ്വകാര്യവത്കരിക്കുകയാണ്. 2009മുതല്‍ 2014വരെയുള്ള രണ്ട് സര്‍ക്കാരുകളുടെ കാലത്തുള്ള ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരേ വര്‍ധിത ആക്രമണങ്ങളാണുണ്ടായത്. എന്തു കൊണ്ടാണ് വ്യത്യാസം ഇല്ലാത്തത്. രണ്ട് കൂട്ടരുടെയും നടപടി ഒരു പോലെയാണ്. പട്ടികജാതി വിഭാഗത്തിനെതിരേയുള്ള ആക്രമണം 2014 മുതല്‍ 19വരെ കുറച്ച കൂടി കടുത്തു’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.