”നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നു; സ്‌നൈപ്പര്‍ ഗണ്ണിന്റേതെന്നു കരുതുന്ന ലേസര്‍ രശ്മികള്‍ തലയുടെ വലതു വശത്ത് പതിച്ചു”

single-img
11 April 2019

അമേഠിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കു നേരെ സ്‌നൈപ്പര്‍ ഗണ്ണിന്റേതെന്നു കരുതുന്ന ലേസര്‍ രശ്മികള്‍ പതിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്ത് നല്‍കി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയ്ക്കു മേല്‍ പച്ച നിറത്തിലുള്ള ലേസര്‍ രശ്മി പതിച്ചത്. ചുരുങ്ങിയ സമത്തിനുള്ളില്‍ ഏഴ് തവണയാണ് ഇതുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ തലയുടെ വലതു വശത്താണ് ലേസര്‍ രശ്മികള്‍ പതിച്ചത്. ഇത് തോക്കില്‍നിന്നുള്ള ലേസര്‍ രശ്മികളാണെന്ന് സംശയിക്കുന്നതായി കത്തില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനും സുരക്ഷ ശക്തമാക്കാനും ആഭ്യന്തര മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.