കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം

single-img
11 April 2019

കൊച്ചി: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന് ജാമ്യം. പ്രകാശ് ബാബുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് പ്രകാശ് ബാബുവിനോട് പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ശബരിമലയില്‍ ചിത്തിര ആട്ട പൂജാദിവസം സ്ത്രീയെ ആക്രമിച്ച കേസിലായിരുന്നു റിമാന്‍ഡ് ചെയ്തത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ പ്രകാശ് ബാബുവിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരുന്നത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായ പ്രകാശ് ബാബു നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ്.

വധശ്രമം, ഗൂഢാലോചന, അന്യായമായി തടസ്സം നില്‍ക്കല്‍ അടക്കമുള്ള 308, 143, 144,146, 147, 149, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രകാശ്ബാബുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. ചിത്തിര ആട്ട വിശേഷവുമായി ചുമത്തപ്പെട്ട കേസില്‍ 16ാം പ്രതിയായ പ്രകാശ്ബാബു മാര്‍ച്ച് 28ന് പമ്പ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പത്മകുമാറിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയ കേസിലും പ്രതിയാണ് പ്രകാശ് ബാബു. ഈ കേസില്‍ പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.