ഇന്ത്യന്‍ വ്യോമാക്രമണം നടന്ന ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാകിസ്താന്‍ അവസരമൊരുക്കി; ഇന്ത്യയുടെ അവകാശവാദം തെറ്റെന്ന് മാധ്യമപ്രവര്‍ത്തകര്‍

single-img
11 April 2019

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ്‌ താവളം സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാകിസ്താന്‍ അവസരം ഒരുക്കി. പുല്വാമയില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് മാധ്യമ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്.

വിദേശങ്ങളിലെ മാധ്യമപ്രവര്‍ത്തകരും നയതന്ത്രജ്ഞരും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. ‘ബാലാകോട്ട് ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരടക്കമുള്ള അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു.’ ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ട്വീറ്റു ചെയ്തു.

‘ ശരിക്ക് നടന്നത് ഇന്ത്യന്‍ അവകാശവാദങ്ങള്‍ക്ക് എതിരാണ്.’ എന്നാണ് പാക്കിസ്താനി സൈന്യത്തിന്റെ മാധ്യമ ശൃംഖലയായ ഐ എസ് പിആര്‍ പറയുന്നത്. ജെയ്‌ഷെ മുഹമ്മദ്‌ കീഴിലുള്ള മദ്രസ തകര്‍ത്തെന്ന ഇന്ത്യയുടെ അവകാശവാദം പാക്കിസ്താന്‍അന്ന് തന്നെ എതിര്‍ത്തിരുന്നു. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കുറച്ച് മരങ്ങള്‍ മാത്രമാണ് തകര്‍ന്നതെന്നാണ് പാക്കിസ്താന്‍ പറഞ്ഞത്.