വീട്ടില്‍ കള്ളനോട്ടടി; കോണ്‍ഗ്രസ് നേതാവ് പിടിയില്‍

single-img
11 April 2019

വീട്ടില്‍ കള്ളനോട്ട് നിര്‍മ്മാണം നടത്തിയ തമിഴ്‌നാട് കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ നേതാവുമായ ജോര്‍ജ് ആണ് പിടിയിലായത്. തിരുവട്ടാറിലുള്ള ഇയാളുടെ വീട്ടില്‍ നിന്നും പ്രിന്ററും കള്ളനോട്ടുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 500 രൂപയുടെ പതിനൊന്നും 2000 രൂപയുടെ ഒന്‍പതും നോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച പിണംതോട്ടിലെ പെട്രോള്‍ പമ്പില്‍ നിന്നും 500 രൂപയുടെ കള്ളനോട്ട് ലഭിച്ചിരുന്നു. ഇത് കടയാലുമൂട് സ്വദേശിയായ യുവാണ് നല്‍കിയതെന്നു കാട്ടി പമ്പുടമ പൊലീസിനെ സമീപിച്ചു. ഇയാളെ പിടികൂടിയതോടെയാണ് അന്വേഷണം ജോര്‍ജിലേക്കും എത്തിയത്.

വെല്‍ഡിംഗ് തൊഴിലാളിയായ തനിക്ക് ജോര്‍ജ് കൂലിയായി തന്നതാണ് 500 രൂപയെന്നായിരുന്നു യുവാവിന്റെ മൊഴി. ഇതേതുടര്‍ന്ന് പൊലീസ് ജോര്‍ജിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ജോര്‍ജിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് ചൊവ്വാഴ്ച രാത്രി വീട് പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ പരിശോധനയിലാണ് കള്ളനോട്ടും പ്രിന്ററും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.