ആന്ധ്രയിലെ 30 ശതമാനം ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ചന്ദ്രബാബു നായിഡു; വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം: രണ്ടു മരണം

single-img
11 April 2019

നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം. നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്‌സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്ര ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പിനിടെ അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.

മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ചേരിതിരിഞ്ഞ് വ്യാപകമായ കല്ലേറുമുണ്ടായി. ഇതിനിടെ പരിക്കേറ്റ രണ്ടു പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ മരിച്ചത്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

അതിനിടെ, ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഇക്കാര്യം ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതോടെ രാവിലെ 9.30ന് പോലും പല ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങാനായില്ലെന്നും അദ്ദേഹം പറഞ്ഞു. പലയിടങ്ങളില്‍നിന്നും വോട്ടര്‍മാര്‍ മടങ്ങി പോയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ആന്ധ്രയിലെ നിരവധി ബൂത്തുകളിലായി നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് രാവിലെ തകരാറിലായത്. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതില്‍ ക്ഷുഭിതനായി ജനസേന സ്ഥാനാര്‍ഥി മധുസുദനന്‍ ഗുപ്ത അനന്ത്പൂര്‍ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറി വോട്ടിംഗ് യന്ത്രം തകര്‍ത്തിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണുമ്പോള്‍ 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും വിവരമുണ്ട്. വോട്ടെടുപ്പിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ രസീതുകള്‍ എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നത്.

തിരിമറി നടത്താന്‍ സാധിക്കും എന്നതിനാല്‍ വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നാണ് ഞങ്ങളുടെഅഭിപ്രായം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യം പരിഗണിക്കുകയുണ്ടായില്ല. ഇപ്പോഴെങ്കിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ പുനരാലോചന വേണം ചന്ദ്രബാബു നായിഡു പറഞ്ഞു.