രാജ്യത്ത് മോദി തരംഗം അലയടിക്കുന്നത് മനസിലാക്കാന്‍ കഴിയുന്നുവെന്ന് പ്രധാനമന്ത്രി

single-img
11 April 2019

രാജ്യത്ത് മോദി സർക്കാരിന് അനുകൂലമായ തരംഗം അലയടിക്കുന്നതായി മനസിലാക്കാൻ കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ദിവസം അസമിലെ സിൽചാറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് ദിശയിലേക്കാണ് കാറ്റ് വീശുന്നതെന്ന് ജനങ്ങളുടെ ആവേശത്തിൽനിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.

ഒന്നാംഘട്ട വോട്ടെടുപ്പ് രാജ്യത്തിന്റെ പലഭാഗത്തും നടക്കുകയാണ്. ഇതുവരെ മനസിലാക്കാൻ കഴിഞ്ഞ വസ്തുത മോദി തരംഗം അലയടിക്കുന്നുവെന്നതാണ്. അസമിൽ വോട്ടെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും എൻഡിഎ സഖ്യം വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തേയില തോട്ടങ്ങളുടെ നാടാണ് അസം. വായിൽ സ്വർണക്കരണ്ടിയുമായി ജനച്ചവർക്ക് തോട്ടം തൊഴിലാളികളുടെ ദുരിതം മനസിലാവില്ല. കൊളുന്ത് നുള്ളുമ്പോൾ കൈ മുറിയുന്നതിന്റെ വേദനയും രാസവസ്തുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളും അവർക്ക് മനസിലാകില്ല. തേയില തോട്ടങ്ങളെ വർഷങ്ങളായി കോൺഗ്രസ് അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.