വീണ്ടും കുരുക്ക്: മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

single-img
11 April 2019

ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ. മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തിൽ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ യോജിക്കുകയാണെങ്കിൽ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തിൽ ഈ ആഴ്ച തന്നെ തുടർ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് കന്നി വോർട്ടർമാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യർഥിച്ചത്. നിങ്ങൾക്ക് ഇപ്പോൾ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നൽകണം. പുൽവാമയിൽ കൊല്ലപ്പെട്ട ധീരരായ ജവാൻമാർക്കുവേണ്ടി നിങ്ങൾ വോട്ട് ചെയ്യണം. ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാർക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും മോദി പറഞ്ഞിരുന്നു.