ഉദ്ദേശിച്ചത് 3 കോടി 35 ലക്ഷം; പറഞ്ഞത് 334 കോടി: തെറ്റിപ്പോയതാണ്, തള്ളിയതല്ല എന്ന് മമ്മൂട്ടി: വീഡിയോ

single-img
11 April 2019

മധുരരാജ എന്ന സിനിമ കോടി ക്ലബില്‍ കയറണമെന്ന ഒരാഗ്രഹവും തനിക്കില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടത്. ആദ്യം തെറ്റി 334 കോടി എന്ന് പറഞ്ഞുപോയ മമ്മൂട്ടി, തെറ്റിപ്പോയതാണ്, തള്ളിയതല്ല എന്ന് പറഞ്ഞതും ചിരി പടര്‍ത്തി.

ഹര്‍ഷാരവത്തോടെയാണ് ഇത് കാണികള്‍ സ്വീകരിച്ചത്. സിനിമയുടെ വിജയത്തിനായി എല്ലാവരും വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധുരരാജയെക്കുറിച്ച് തള്ളാനില്ലെന്നും ഇഷ്ടമായാല്‍ നിങ്ങള്‍ തള്ളിക്കോയെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍വച്ച് നടത്തിയ മധുരരാജയുടെ പ്രീ–ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൗഢ ഗംഭീരമായ സദസ്സില്‍ വച്ചായിരുന്നു സിനിമയുടെ പ്രീ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ പരിചിതമാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി അണിയറപ്രവര്‍ത്തകര്‍ എത്തുന്നത്.

മമ്മൂട്ടി ഉള്‍പ്പടെ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലായതിനാല്‍ സംവിധായകന്‍ വൈശാഖ് ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. മധുര രാജയുടെ വേഷമണിഞ്ഞെത്തിയ ആരാധകര്‍ക്കൊപ്പം ചിത്രമെടുക്കാനും താരം സമയം കണ്ടെത്തി.