തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപ്പിടിച്ചയാളുടെ കരണംപുകച്ച് ഖുശ്ബു: വീഡിയോ

single-img
11 April 2019

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ മുഖത്തടിച്ച് നടി ഖുശ്ബു. സംഭവത്തിന്റെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഉടൻ വൈറലാവുകയായിരുന്നു.

ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. പ്രചരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുന്നതും ഖുശ്ബു തിരിഞ്ഞുവന്ന് അയാളെ അടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. വീണ്ടും പിടിച്ചതോടെയാണ് അവര്‍ അക്രമിയുടെ മുഖത്തടിച്ചത്.

വീഡിയോ വൈറലായതോടെ താരത്തെ പ്രശംസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ധീരവനിതയെന്നും പൊതുനിരത്തുകളിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ സംഭവസമയത്ത് തന്നെ പ്രതികരിച്ചത് മറ്റു വനിതകൾക്കും പ്രചോദനമാകട്ടെയെന്നും ഖുശ്ബുവിന് പ്രശംസകളായെത്തി. അതേസമയം സാധാരണ ജനങ്ങളോട് ഇത്തരത്തിൽ പ്രതികരിച്ച താരത്തെ വിമർശിച്ചും ട്വീറ്റുകളുണ്ടായിരുന്നു. എന്നാൽ, സ്വന്തം അമ്മയായിരുന്നു തന്റെ സ്ഥാനത്തെങ്കിൽ മോശമായിപ്പോയെന്നു പ്രതികരിക്കുമോയെന്നു ഇവരോട് ഖുശ്ബു തിരിച്ച് ചോദിക്കുന്നുമുണ്ട്.