പാക്കിസ്ഥാന്‍ വിളിക്കാതെ അങ്ങോട്ട് പോയി ചായ കുടിച്ച മോദിയാണ് ഞങ്ങളെ പാക്കിസ്ഥാനെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ വരുന്നത്; അമിത് ഷായ്ക്ക് രാജവെമ്പാലയേക്കാള്‍ വിഷം: കെ.സി. വേണുഗോപാല്‍

single-img
11 April 2019

രാജവെമ്പാലയേക്കാള്‍ ഭീകരമായ വിഷം പരത്തുന്ന ആളാണ് അമിത് ഷായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വയനാട്ടില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ വിളിക്കാതെ അങ്ങോട്ട് പോയി ചായ കുടിച്ച മോദിയാണ് ഞങ്ങളെ പാക്കിസ്ഥാനെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ വരുന്നത്. ഇന്ത്യയിലെ കോണ്‍ഗ്രസിനെ പോലെ രാജ്യസ്‌നേഹത്തിനും ദേശസ്‌നേഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്ത പ്രസ്ഥാനം വേറെ ഇല്ല.

അമിത്ഷായുടെ പരാമര്‍ശം കേരളത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന്റെ പാരമ്പര്യം അമിത്ഷായ്ക്ക് അറിയില്ല. വീര പഴശിയുടെ കര്‍മഭൂമിയാണ് വയനാട്. ഏതെങ്കിലും ജാതിയുടെയും മതത്തിന്റെയും ജില്ലയല്ല വയനാട്. ഏതെങ്കിലും മണ്ഡലത്തെ മതപരമായി ഭിന്നിപ്പിക്കാറുണ്ടോ. വയനാടിന്റെ സംസ്‌കാരം മനസിലാക്കണം. അമിത്ഷായുടെ കണ്ണ് അന്ധത നിറഞ്ഞതാണ്. ഭീന്നിപ്പിക്കുന്ന കാഴ്ച മാത്രമേ അമിത്ഷായുടെ കണ്ണിന് കാണാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള ചുട്ട മറുപടിയാകും തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് അമിത്ഷാ വിഷപ്രചരണം നടത്തുന്നത്. രാജ്യത്ത് ചെറുപ്പക്കാര്‍ തൊഴിലിന് വേണ്ടി കരയുകയും കൃഷിക്കാര്‍ കഷ്ടപ്പാടുകൊണ്ട് വിതുമ്പുകയും ചെയ്യുന്ന അവസ്ഥയിലാണ് അതില്‍ നിന്നെല്ലാം ഒളിച്ചോടാനുള്ള കുറുക്കുവഴിയാണ് അമിത്ഷാ നടത്തുന്ന വിഷപ്രചരണം. നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന സര്‍ക്കസ് ഈ തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.