സുരേഷ് ഗോപിയുടേത് മോഹന്‍ലാല്‍ മുപ്പതു വര്‍ഷം മുന്‍പേ പയറ്റിയ ‘തന്ത്രങ്ങള്‍’: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
11 April 2019

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രചാരണയാത്രകള്‍ ദിവസവും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
മണ്ഡലപര്യടനത്തിനിടെ സാധാരണക്കാരുടെ വീടുകളില്‍ കയറി ഭക്ഷണം കഴിക്കുന്നതാണ് സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ ട്രെന്‍ഡ്.

ഇതിനെ പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍. ‘കണ്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്… ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്’ എന്ന കിലുക്കത്തിലെ കിട്ടുണ്ണിയുടെ ഡയലോഗ് ഓര്‍മപ്പെടുത്തും വിധമാണ് ട്രോളന്മാരുടെ ചില കണ്ടെത്തലുകള്‍.

വോട്ടറുടെ വീട്ടില്‍ കയറി മീന്‍കറി കൂട്ടി ഭക്ഷണം കഴിച്ചുകൊണ്ടുള്ള വോട്ടുപിടുത്തം പത്തു മുപ്പതു വര്‍ഷം മുന്‍പേ മോഹന്‍ലാല്‍ പയറ്റിയതാണെന്നു ചൂണ്ടിക്കാട്ടുകയാണ് സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഭൂമിയിലെ രാജാക്കന്മാര്‍’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മഹേന്ദ്രവര്‍മ എന്ന കഥാപാത്രം വോട്ടു തേടി നടക്കുന്ന രംഗം ചേര്‍ത്താണ് ട്രോള്‍.

മണ്ഡലത്തിലെ വോട്ടറായ ഒരു ചേട്ടത്തിയുടെ വീട്ടില്‍ കയറിച്ചെന്ന് വിശക്കുന്നുണ്ടെന്ന് പറഞ്ഞ് അടുക്കളയില്‍ കയറി കപ്പയും മീന്‍കറിയും കഴിക്കുന്ന മോഹന്‍ലാല്‍, വോട്ടു നേടാന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന സൂത്രപ്പണികളെ തിരശീലയില്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു.