സംഗീതം, നൃത്തം, പാചകകല: ക്ലാസുകളിൽ പാഠ്യേതര കലാ വിഷയങ്ങൾ നിർബന്ധമാക്കാൻ സിബിഎസ്ഇ

single-img
11 April 2019

ന്യൂഡൽഹി: സിബിഎസ്ഇയുടെ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പാഠ്യേതര കലാ വിഷയങ്ങൾ നിർബന്ധമാക്കാൻ തീരുമാനം. കുട്ടികളുടെ വിദ്യാഭ്യാസം എന്നത് പാഠപുസ്തകത്തിന് പുറത്തുള്ള കാര്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചുവടുവെയ്പ്പ്.വരുന്ന അധ്യയന വർഷം മുതൽ കലാസംയോജിത പഠനം പ്രാബല്യത്തിലാക്കാനാണ് ബോർഡ് ഒരുങ്ങുന്നത്.

ബോർഡിന്റെ നിർദ്ദേശപ്രകാരം സംഗീതം, നൃത്തം, ദൃശ്യകലകൾ, നാടകം എന്നിവ എല്ലാ ക്ലാസുകളിലും ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് പാചക കലയും പഠനവിഷയമാകും. നമ്മുടെ കാർഷിക വിളകൾ , രീതികൾ, കീടനാശിനികളുടെ ഉപയോഗം, പോഷകാഹാരം എന്നിവയെ കുറിച്ചും ഇവയോടൊപ്പം പഠിപ്പിക്കും.

ഓരോ ക്ളാസുകൾക്കും ആഴ്ചയിൽ കുറഞ്ഞത് രണ്ട് പിരിയഡുകൾ കലാ വിഷയങ്ങൾക്കായി നിർബന്ധമായും മാറ്റിവെക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു.ഔദ്യോഗിക പരീക്ഷകൾക്കോ മൂല്യനിർണയത്തിനോ ഈ വിഷയങ്ങൾ പക്ഷെ പരിഗണിക്കില്ല. പക്ഷെ പ്രായോഗിക പരീക്ഷകളും പ്രൊജക്ട് വർക്കുകളും ഉണ്ടായിരിക്കും.