വയനാട്ടിൽ രാഹുലിനെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന ‘കര്‍ഷക പാര്‍ലമെന്റി’ന് മറുപടിയായി ‘കര്‍ഷക റാലി’ സംഘടിപ്പിക്കാൻ യുഡിഎഫ്

single-img
10 April 2019

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടില്‍ കാര്‍ഷിക പ്രശ്നങ്ങളുയര്‍ത്തി രാഹുല്‍ ഗാന്ധിയെ നേരിടാനുള്ള ഇടതു തീരുമാനത്തെ പ്രതിരോധിക്കാനൊരുങ്ങി യുഡിഎഫ്. ഇടതുമുന്നണി ഒരുക്കുന്ന കര്‍ഷക പാര്‍ലമെന്‍റിന് പകരം കര്‍ഷക റാലി സംഘടിപ്പിക്കാനാണ് തീരുമാനം.

പൂർണ്ണമായും കാര്‍ഷിക മേഖല‍യായ വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ക്കും വിളകളുടെ വിലയിടിവിനും വഴി വെച്ചത് കോണ്‍ഗ്രസ് നയങ്ങളാണെന്ന ഇടതുമുന്നണി ആരോപണത്തെ പ്രതിരോധിക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. രാജ്യത്ത് ആദ്യമായി കാര്‍ഷിക ബജറ്റ് നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് പ്രകടന പത്രികയെ കണ്ടില്ലെന്ന് നടിക്കുകയാണ് എല്‍ഡിഎഫ് എന്ന് എകെ ആന്‍‍റണി കുറ്റപ്പെടുത്തി.

ഏപ്രിൽ 12 ന് ഇടതുമുന്നണി പുല്‍പ്പള്ളിയില്‍ കര്‍ഷക പാര്‍ലമെന്‍റ് സംഘടിപ്പിക്കാനൊരുങ്ങുമ്പോൾ കര്‍ഷക റാലിയിലൂടെയാവും യുഡിഎഫ് പ്രതിരോധിക്കുക. ഈ മാസം 16ന് കാക്കവയല്‍ ജവാന്‍ സ്മൃതി മുതല്‍ കല്‍പ്പറ്റ വരെയായിരിക്കും യുഡിഎഫിന്‍റെ കര്‍ഷക റാലി. രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടിലെ യഥാര്‍ത്ഥ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാനായത് തങ്ങളുടെ നേട്ടമാണെന്നാണ് ഇടതുമുന്നണി കരുതുന്നത്.