നമോ ടിവിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക്; സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോ എന്ന് നിരീക്ഷിക്കും

single-img
10 April 2019

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സ്ട്രീമിംഗ് ആയ നമോ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോ എന്ന് പരിശോധിക്കാന്‍ ഡല്‍ഹി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പ് നീരീക്ഷക സമിതിയുടെ അനുമതി സംപ്രേക്ഷണത്തിന് ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് തെരഞ്ഞെടുപ്പ് കാലയളവില്‍ രൂപീകരിക്കുന്ന നിരീക്ഷക സമിതികള്‍ തെരഞ്ഞെടുപ്പ് പ്രചാരണവും പരസ്യങ്ങളുമെല്ലാം നിരീക്ഷിക്കുന്നവയാണ്. പ്രധാനമായും മാധ്യമങ്ങളെയാണ് ഇതിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നമോ ടിവി എന്ന ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ പരാതികളെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

പ്രധാനമായും രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള ആരോപണം. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നമോ ടിവി 24 മണിക്കൂറും പരിപാടികള്‍ സംപ്രേഷണംചെയ്യും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു പാര്‍ട്ടിയ്ക്ക് സ്വന്തം ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത് ചട്ടലംഘനമാവുമെന്നും ആരാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കുകയെന്നും ആം ആദ്മി പരാതിയില്‍ പറഞ്ഞിരുന്നു.