പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെയും പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

single-img
10 April 2019

ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും മറുപടിയായി ബാലാകോട്ട് വ്യോമാക്രമണം നടത്തിയ ഇന്ത്യന്‍ സൈനികരുടെയും പേരില്‍ വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മോദി പ്രസംഗം നടത്തിയ മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. മോദി നടത്തിയ പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ബിജെപി രാജ്യ വ്യാപകമായി സൈന്യത്തെ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെയും പാക് പിടിയിലായ വൈമാനികന്‍ അഭിനന്ദന്റെയും ചിത്രങ്ങളും പോസ്റ്ററുകളില്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരായി പരാതി ഉയര്‍ന്നപ്പോഴായിരുന്നു 2013ലെ തന്നെ തെരഞ്ഞെടുപ്പ് ചട്ടം ചൂണ്ടിക്കാട്ടി സൈനിക വിഭാഗങ്ങളെ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലികളില്‍ ഇന്ത്യന്‍ സൈന്യത്തെ ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചതിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയിരുന്നു.