ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: വീണാ ജോര്‍ജ്

single-img
10 April 2019

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും ബാധിക്കില്ലെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. സമൂഹത്തിലെ സാധാരണ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വികസന പ്രശ്‌നങ്ങളാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജനങ്ങളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും പത്തനംതിട്ടയില്‍ ഇക്കുറി ഇടതുപക്ഷ മുന്നണി ചരിത്ര വിജയം നേടുമെന്നും വീണ പറഞ്ഞു. പ്രചാരണത്തിന് എല്ലാ നിയമസഭ മണ്ഡലങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ മനസ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുമെന്നും വീണ വ്യക്തമാക്കി. മണ്ഡല തല കണ്‍വെന്‍ഷനുകള്‍ക്കും വാഹന പ്രചാരണ ജാഥകള്‍ക്കും ശേഷം ഇപ്പോള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥി.