വോട്ടു ചോദിച്ചെത്തിയ സുരേഷ് ഗോപി ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് പേരിട്ടു ‘നൈദിക്’

single-img
10 April 2019

തൃപ്രയാര്‍: ധര്‍മിഷ്ഠനായി വളരാന്‍ ആശീര്‍വദിച്ച് ആ കുഞ്ഞിന് സുരേഷ് ഗോപി പേരിട്ടു നൈദിക്. തീരദേശത്തെ പര്യടനത്തിനിടെയാണ് ആലുങ്ങല്‍ ഷാജി, ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് പേരിടല്‍ നടത്തിയത്. ധര്‍മിഷ്ഠന്‍ എന്നാണ് പേരിന് അര്‍ഥം. തളിക്കുളം ത്രിവേണിയിലായിരുന്നു പേരിടല്‍.

കഴിഞ്ഞ ദിവസം വോട്ട് പിടിക്കാനുള്ള യാത്രയില്‍ പീടികപ്പറമ്പ് അയ്യപ്പന്‍കാവിലിലെ സുനിലിന്റെയും സൗമ്യയുടെയും വീട്ടില്‍ എത്തി സുരേഷ് ഗോപി ചോറുണ്ടതും വലിയ വാര്‍ത്തയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പീടികപ്പറമ്പ് അയ്യപ്പന്‍കാവിലെ തയ്യില്‍ വീട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി എത്തിയത്.

ഭക്ഷണം ചോദിച്ചപ്പോള്‍ തെല്ലൊന്ന് അമ്പരന്നെങ്കിലും വിഭവങ്ങള്‍ കുറവാണെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഉള്ളത് മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വീടിനകത്ത് കയറിയ സ്ഥാനാര്‍ത്ഥി കൈകഴുകി തീന്‍മേശയ്ക്ക് മുമ്പിലിരുന്നു. അധികം വൈകാതെ മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേര്‍ത്ത ഊണുമായി വീട്ടുകാര്‍ എത്തി. ഭക്ഷണം ആസ്വദിച്ച് കഴിച്ച സ്ഥാനാര്‍ത്ഥി വീട്ടുകാര്‍ക്ക് നന്ദി പറയാനും മറന്നില്ല.

ഊണുകഴിഞ്ഞെങ്കിലും തീയലിന്റെ രുചി ഇപ്പോഴും നാവിലുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് സുനിലിന്റെ ജേഷ്ഠ ഭാര്യ യശോദ മറുപടി നല്‍കി. വീട്ടിലെ ഒരു മുറിയില്‍ കിടപ്പിലായ 80 വയസ്സുള്ള അമ്മിണിയെയും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ‘മറക്കില്ല ഈ വീടും ഇന്നത്തെ ഊണും. വോട്ടുചെയ്യുമല്ലോ എനിക്ക്’, ഊണിന് ശേഷം വീട്ടുകാര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടി എടുത്ത് പിരിയുമ്പോള്‍ സുരേഷ് ഗോപി പറഞ്ഞു.