ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി

single-img
10 April 2019

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയാണ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യ– ബ്രിട്ടിഷ് ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്നു തെരേസ മേ പറഞ്ഞു. 1997–ല്‍ ജാലിയന്‍വാലാബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേ പറഞ്ഞു.

ജാലിയന്‍വാലാബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത ഏടായ ജാലിയൻവാലാബാഗ് കൂട്ടക്കൊല 1919 ഏപ്രിൽ 13 നാണ് നടന്നത്.

റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ജാലിയൻ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേർന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്കു നേരെ ജനറൽ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയായിരുന്നു.

മതിലുകളാൽ ചുറ്റപ്പെട്ടതായിരുന്നു മൈതാനം. മതിലിലെ പല വാതിലുകളും സ്ഥിരമായി അടച്ച നിലയിലായിരുന്നു. പ്രധാനവാതിലും മറ്റു വാതിലുകളും അടയ്ക്കാൻ ഡയർ ആദ്യം തന്നെ പട്ടാളക്കാർക്ക് നിർദേശം നൽകി. ശേഷമാണ് അവിടെ കൂടിയിരുന്ന ആളുകൾക്കു നേരെ വെടിയുതിർക്കാൻ പട്ടാളത്തിന് നിർദേശം നൽകിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ നാനൂറുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ബ്രിട്ടീഷ് വാദം.

അതേസമയം പൂർണഖേദ പ്രകടനമല്ല മേയ് നടത്തിയത്. തുടർന്ന് പൂർണവും വ്യക്തവും നിസ്സംശയവുമായ മാപ്പ് അപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറെമി കോർബിൻ ആവശ്യപ്പെട്ടു.