തിരഞ്ഞെടുപ്പ് കാലത്ത് ഇതൊന്നും അനുവദിക്കാനാവില്ല; ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

single-img
10 April 2019

വിവേക് ഒബ്‌റോയി നായകനായി എത്തുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ജീവചരിത്ര സിനിമകള്‍ അനുവദിക്കാനാവില്ലെന്നു കമ്മീഷന്‍ വ്യക്തമാക്കി. നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണു നടപടിയെന്നും കമ്മീഷന്‍ അറിയിച്ചു.

വ്യാഴാഴ്ച ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ചൊവ്വാഴ്ച ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവുമോ എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസിംഗ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ബുധനാഴ്ച പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുന്പ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയില്‍ നിലപാടെടുത്തു. ചിത്രത്തിന്റെ റിലീസിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. സിനിമയുടെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ മോദിയുടെ വേഷം അവതരിപ്പിക്കുന്നത്.