മോദിയെ പുകഴ്ത്തി പി.സി.ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു

single-img
10 April 2019

പത്തനംതിട്ട: പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ എന്‍ഡിഎയില്‍ ചേര്‍ന്നു. പത്തനംതിട്ടയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കൊപ്പം എത്തിയാണ് ജോര്‍ജ് പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷം നേടി ലോക്‌സഭയില്‍ എത്തുന്നത് തന്റെ പാര്‍ട്ടിയുടെ വോട്ട് കൊണ്ടായിരിക്കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. പി.സി. ജോര്‍ജ് നേരത്തേ തന്നെ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണ നല്‍കിയിരുന്നു.

ഇതോടെ അദ്ദേഹം എന്‍ഡിഎയുടെ ഭാഗമാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫിന്റെ ഭാഗത്തേക്ക് ചായുന്നതായും റിപ്പോര്‍ട്ടു വന്നെങ്കിലും ചര്‍ച്ച പരാജയമായി. തുടര്‍ന്ന് ഒടുവില്‍ എന്‍ഡിഎയില്‍ തന്നെ ചേരാന്‍ പി.സി. ജോര്‍ജ് തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.