കുവൈത്തില്‍ പ്രവാസികളുടെ താമസാനുമതി വെട്ടിക്കുറയ്ക്കാന്‍ നീക്കം; ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യക്കാരെ

single-img
10 April 2019

കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും സജീവമാകുന്നു. ജനസംഖ്യാ ക്രമീകരണത്തിനായുള്ള ഉന്നത സമിതിയാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദേശികളെ തിരിച്ചയക്കണമെന്നു ശിപാര്‍ശ ചെയ്തത്.

മന്ത്രിസഭാ ഉത്തരവിലൂടെ കാലാവധിനിയമം നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു. ജനസംഖ്യാ ക്രമീകരണവും സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം. നിലവില്‍ 14 ലക്ഷം സ്വദേശികളുള്ള കുവൈത്തില്‍ വിദ്ദേശികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. ഇതില്‍ സന്തുലിതാവസ്ഥ കൊണ്ടുവരികയാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ സമിതി ഉദ്ദേശിക്കുന്നത്.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന നിലപാടാണ് കുവൈത്തിലെ ഭൂരിഭാഗം പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമുള്ളത്. തൊഴിലുമായി ബന്ധപ്പെട്ട് വിദേശികള്‍ക്ക് ക്വാട്ട നിശ്ചയിക്കണമെന്നും വിദേശികളെ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാന്‍ അനുവദിക്കരുതെന്നുമുള്ള അവശ്യം പാര്‍ലമെന്റില്‍ പല പ്രാവിശ്യം ഉയര്‍ന്നതാണ്.

6.7 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്നത് ഗാര്‍ഹിക മേഖലയിലാണ്. നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍ ഏറ്റും കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. താമസകാര്യ വകുപ്പിന്റെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു ഗാര്‍ഹിക ജോലിക്കാരില്‍ 55 ശതമാനം സ്ത്രീകളാണ്.