മണി ഒന്നടിച്ചാല്‍ സുരേഷ് ഗോപിക്ക് ചോറുണ്ണണം; പിന്നെ ആരെയും നോക്കില്ല; ആദ്യം കാണുന്ന വീട്ടില്‍ കയറി മൂക്കുമുട്ടെ ശാപ്പാടടിക്കും; കൂടെയുള്ളവര്‍ കഴിച്ചോ എന്നുപോലും ചോദിക്കില്ല

single-img
10 April 2019

ഉച്ചയൂണിന് സമയമായാല്‍ സുരേഷ് ഗോപിക്ക് പിന്നെ കണ്ണുകാണില്ല. ആദ്യം കണ്ട ഏതെങ്കിലും വീട്ടില്‍ കയറി ചോറ് ചോദിക്കും. കൂടെയുള്ള പ്രവര്‍ത്തകരെയൊന്നും പരിഗണിക്കാതെ മൂക്കുമുട്ടെ കഴിക്കും. പിന്നെ സെല്‍ഫിയുമെടുത്തു തിരിച്ചെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ സ്ഥിരം നമ്പരാണ് ഇത്.

കാര്യം സ്ഥാനാര്‍ത്ഥിയൊക്കെ തന്നെ, പക്ഷേ പ്രവര്‍ത്തകര്‍ക്ക് ഇതുകാണുമ്പോള്‍ ദേഷ്യം വരാറുമുണ്ട്. പൊരിവെയിലില്‍ തങ്ങളും വിശന്നു വലയുമ്പോഴാണ് അതൊന്നും കാര്യമാക്കാതെ സുരേഷ് ഗോപി സ്വന്തം കാര്യം മാത്രം നോക്കി ചോറുണ്ണാന്‍ വീടുകളില്‍ കയറി പോകുന്നത്. കൂടെയുള്ളവര്‍ കഴിച്ചോ എന്നു പോലും അന്വേഷിക്കാറില്ല.

ഇന്നലെ നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിനിടെ തളിക്കുളം ബീച്ചിലെ കുറുക്കംപര്യ വീട്ടില്‍ വിബിന്റെ വീട്ടിലായിരുന്നു ഇത്തരത്തില്‍ സുരേഷ് ഗോപിക്ക് ഉച്ചയൂണ്. സ്ഥാനാര്‍ത്ഥിയെ കാണാന്‍ വീടിന് മുന്‍വശം നിന്നിരുന്ന വിബിന്റെ ഭാര്യ അപര്‍ണ്ണകുമാരിയോട് ചാളക്കറിയുണ്ടോയെന്നായിരുന്നു അന്വേഷണം.

ആദ്യം പകച്ചുപോയ അപര്‍ണ്ണ ഞണ്ടുകറിയുണ്ടെന്ന് മറുപടി നല്‍കി. എങ്കില്‍ കുറച്ച് ചോറാകാമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥി വാഹനത്തില്‍ നിന്നിറങ്ങി. ഞണ്ടുകറിയും കൂട്ടി സമൃദ്ധിയായി ഉച്ചയൂണ് കഴിച്ചു. ഭക്ഷണം ഇഷ്ടമായോയെന്ന് ചോദിച്ച അപര്‍ണ്ണയോട് പാത്രം തിരിച്ചുവേണോയെന്നായിരുന്നു മറുചോദ്യം.

ഭക്ഷണം കഴിഞ്ഞു അപര്‍ണ്ണയോടും കുടുംബത്തോടും അയല്‍വാസികളോടുമൊപ്പം ഫോട്ടോയെടുത്ത സുരേഷ് ഗോപി പര്യടനം തുടര്‍ന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷും കൂടെയുണ്ടായിരുന്നു. ഇതിനോടകം പല വീടുകളിലും അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി എത്തിക്കഴിഞ്ഞു..

തിങ്കളാഴ്ച പീടികപ്പറമ്പ് അയ്യപ്പന്‍കാവിലെ തയ്യില്‍ വീട്ടിലാണ് സുരേഷ് ഗോപി ചോറ് ചോദിച്ച് എത്തിയത്. ഭക്ഷണം ചോദിച്ചപ്പോള്‍ തെല്ലൊന്ന് അമ്പരന്നെങ്കിലും വിഭവങ്ങള്‍ കുറവാണെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഉള്ളത് മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

വീടിനകത്ത് കയറിയ സ്ഥാനാര്‍ത്ഥി കൈകഴുകി തീന്‍മേശയ്ക്ക് മുമ്പിലിരുന്നു. അധികം വൈകാതെ മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേര്‍ത്ത ഊണുമായി വീട്ടുകാര്‍ എത്തി. ഭക്ഷണം ആസ്വദിച്ച് കഴിച്ച സ്ഥാനാര്‍ത്ഥി വീട്ടുകാര്‍ക്ക് നന്ദി പറയാനും മറന്നില്ല.

ഊണുകഴിഞ്ഞെങ്കിലും തീയലിന്റെ രുചി ഇപ്പോഴും നാവിലുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് സുനിലിന്റെ ജേഷ്ഠ ഭാര്യ യശോദ മറുപടി നല്‍കി. വീട്ടിലെ ഒരു മുറിയില്‍ കിടപ്പിലായ 80 വയസ്സുള്ള അമ്മിണിയെയും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ‘മറക്കില്ല ഈ വീടും ഇന്നത്തെ ഊണും. വോട്ടുചെയ്യുമല്ലോ എനിക്ക്’, ഊണിന് ശേഷം വീട്ടുകാര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടി എടുത്ത് പിരിയുമ്പോള്‍ സുരേഷ് ഗോപി പറഞ്ഞു.