കോണ്‍ഗ്രസിന് തിരിച്ചടി: അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടു

single-img
10 April 2019

ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ യുവനേതാവ് അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടു. അല്‍പേഷിന്റെ അടുപ്പക്കാരന്‍ ദാവല്‍സിംഗ് സല ഇത് സ്ഥിരീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് അല്‍പേഷ് പാര്‍ട്ടി വിടുന്നത്. ഒബിസി നേതാവായ അല്‍പേഷ് ബിജെപിയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും അല്‍പേഷ് താക്കൂറും തമ്മില്‍ ഉടലെടുത്ത ഭിന്നിപ്പാണ് പാര്‍ട്ടി വിടാന്‍ കാരണമായത്. അല്‍പേഷിനൊപ്പം മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാരും പാര്‍ട്ടി വിടുമെന്നു റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസവും അല്‍പേഷ് പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇത് അദ്ദേഹം തള്ളിയിരുന്നു.

2017 നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ക്കൊപ്പം ഗുജറാത്തില്‍ ബിജെപിക്കെതിരേ ഉയര്‍ന്നുവന്ന യുവനേതാവായിരുന്നു അല്‍പേഷ്. നിലവില്‍ രാധന്‍പൂരിലെ ജനപ്രതിനിധിയാണ് അല്‍പേഷ് താക്കൂര്‍.