അഞ്ചാലുംമൂട്പോലീസ് സ്റ്റേഷനിൽനിന്ന്‌ മൊബൈൽ ഫോൺ മോഷ്ടിച്ച സി.പി.എം. നേതാവ് പിടിയിൽ

single-img
10 April 2019

പോലീസ് സ്റ്റേഷനിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ. സി.പി.എം. തൃക്കടവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കിരൺകുമാർ (38) ആണ് പോലീസ് പിടിയിലായത്. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലാണ് സംഭവം.

പോലീസ് പറയുന്നത്:

തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതിന് സി.പി.എം. പ്രവർത്തകൻ മുരുന്തൽ സ്വദേശിയായ ബിനു ബോസിനെ പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചിരുന്നു. പ്രതിയെ ജാമ്യത്തിലിറക്കുന്ന വിവരം അന്വേഷിക്കാനെത്തിയ കിരൺകുമാർ ജി.ഡി.ചാർജ്ജിലുണ്ടായിരുന്ന എസ്.സി.പി.ഒ. ഷാനവാസിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് സുഹൃത്തായ രഞ്ജിത്തിനെ ഏൽപ്പിച്ചു. രഞ്ജിത്ത് മൊബൈൽ തന്റെ വീട്ടിൽ ഒളിപ്പിച്ചു.

മൊബൈൽ ഫോൺ കാണാതായതോടെ സ്റ്റേഷനിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ കിരൺകുമാർ മൊബൈൽ എടുത്ത് പോക്കറ്റിലിടുന്നത് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ആദ്യം മോഷണം സമ്മതിച്ചില്ലെങ്കിലും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കാട്ടിയപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് രഞ്ജിത്തിന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. രഞ്ജിത്ത് ഒളിവിലാണ്.