ശശി തരൂരിന്റെ പ്രചാരണത്തിന് ആളില്ല

single-img
9 April 2019

തിരുവനന്തപുരത്ത് 40 ശതമാനം വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന അഭിപ്രായ സര്‍വേ ഫലം യുഡിഎഫ് കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് ശശിതരൂരിന്റെ പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

പ്രചാരണത്തില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപവുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായിട്ടും തരൂരിന്റ പ്രചാരണത്തിന് ആളില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ചില നേതാക്കളെ ഉന്നമിട്ട് മണക്കാട് മണ്ഡലത്തിന്റ ചുമതലയുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കള്‍ക്കെതിരെ പരാതി കൊടുക്കുമെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ച ഏകമണ്ഡലമായ നേമത്തോട് അതിര്‍ത്തി പങ്കിടുന്ന മണക്കാട് കോണ്‍ഗ്രസ് വോട്ട് ബി.ജെ.പിക്ക് മറിഞ്ഞതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ഭാഗത്തെ നിസഹകരണം കെ.പി.സി.സിയിലേയും ഡി.സി.സിയിലേയും മുതിര്‍ന്ന നേതാക്കളെ സതീഷ് അറിയിച്ചിട്ടുണ്ട്. അതേസമയം, കനത്തചൂട് കാരണമാണ് പകല്‍ സമയത്തെ പ്രചാരണങ്ങളില്‍ ആളു കുറയുന്നതെന്നും രാവിലെയും വൈകിട്ടും പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണ ചുമതലയുള്ള നേതാക്കളുടെ മറുപടി.

അതേസമയം, 2016ല്‍ നേമത്ത് അരങ്ങേറിയ വോട്ടുകച്ചവടം ആവര്‍ത്തിക്കാനുള്ള സജീവനീക്കം നടക്കുന്നുവെന്ന സൂചനയാണ് ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ തമ്പാനൂര്‍ സതീഷ് ഫെയ്‌സ് ബുക്കിലിട്ട കുറിപ്പെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

സതീഷിന്റെ കുറിപ്പിനുതാഴെ പ്രവര്‍ത്തകര്‍ രൂക്ഷമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ‘മുണ്ട് മാറ്റിയാല്‍ കാവി ഇട്ട് നിക്കര്‍ ഇട്ട് നടക്കുന്ന കുറെ നപുംസകങ്ങള്‍ പാര്‍ടിയില്‍ ഉണ്ട്’ എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ‘ശശി തരൂരിനെ മടുത്ത കോണ്‍ഗ്രസുകാര്‍ ഒരുപാടുണ്ട്. എല്ലാവര്‍ക്കെതിരെയും പരാതി കൊടുത്ത് നടപടി എടുക്കുമോ’ എന്നാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചോദിച്ചത്.

കടപ്പാട്: മനോരമന്യൂസ്