പൊതുവെ ബൈക്കില്‍ ട്രിപ്പ് പോകുന്ന യുവാക്കളെ കാണുന്നതു തന്നെ പൊലീസുകാര്‍ക്ക് അലര്‍ജിയാണ്; പക്ഷേ ഈ എസ്‌ഐ അവരോട് ചോദിച്ചത് ‘വല്ലതും കഴിച്ചോ?’ എന്നാണ്

single-img
9 April 2019

അതിരപ്പിള്ളിയിലേക്ക് ബൈക്കുകളില്‍ ട്രിപ്പ് പോയ യുവാക്കളുടെയും അവരോട് സംസാരിക്കുന്ന ഒരു എസ്‌ഐയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യാത്രാമധ്യേ ട്രാഫിക് പൊലീസിന്റെ പട്രോളിംഗ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം.

ജീപ്പില്‍ എസ്‌ഐയും ഉണ്ടായിരുന്നു. യുവാക്കളെ അമ്പരപ്പിച്ചുകൊണ്ട് ജീപ്പിലിരുന്ന് എസ്‌ഐ കുശലാന്വേഷണം തുടങ്ങി. എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങള്‍ക്കൊപ്പം ബൈക്കുകളുടെ നമ്പര്‍ പ്‌ളേറ്റ് ഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പറഞ്ഞുകൊടുത്തു.

അതെല്ലാം നിങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നുകൂടി ചിരിച്ചുകൊണ്ട് എസ്‌ഐ യുവാക്കളോട് പറയുന്നതും വീഡിയോയില്‍ കാണാം. അവസാനമാണ് യുവാക്കളുടെയും സോഷ്യല്‍ മീഡിയയുടെയും ഹൃദയം കീഴടക്കിയ ആ ചോദ്യം അദ്ദേഹം ചോദിക്കുന്നത്: ‘നിങ്ങള്‍ വല്ലതും കഴിച്ചോ?’ ഒരു പോലീസ് ഓഫീസറുടെയടുത്തു നിന്നും ഇത്തരത്തില്‍ വാത്സല്യം നിറഞ്ഞൊരു ചോദ്യം കേട്ട് അമ്പരക്കുന്ന യുവാക്കളെ വീഡിയോയില്‍ കാണാം. ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കം വൈറലായി.

https://www.youtube.com/watch?time_continue=45&v=3JAEhEXXbJc