ബീഫ് വിറ്റെന്ന് ആരോപണം; മധ്യവയസ്‌കനെ മര്‍ദ്ദിച്ച ശേഷം പന്നിയിറച്ചി തീറ്റിച്ചു

single-img
9 April 2019

ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് അസമില്‍ മധ്യവയസ്‌കനു നേരെ ആള്‍ക്കൂട്ട ആക്രമണം. ബിശ്വനാഥ് ജില്ലയില്‍ കച്ചവടക്കാരനായ ഷൗക്കത്ത് അലി(68)യെ ആണ് ഞായറാഴ്ച ആള്‍കൂട്ടം ആക്രമിച്ചത്. ഷൗക്കത്ത് അലിയെ ക്രൂരമായ മര്‍ദനത്തിന് ശേഷം പന്നിയിറച്ചി തീറ്റിക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഫ് വില്‍പ്പന ആരോപിച്ച് ആള്‍ക്കൂട്ടം ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ചെളിയില്‍ ഇരിക്കുന്ന ഷൗക്കത്തിനോട് ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ എന്തിനാണ് ബീഫ് വില്‍ക്കുന്നത് ബംഗ്ലാദേശില്‍ നിന്നാണോ വന്നതെന്നും അക്രമികള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘നീ ബംഗ്ലാദേശി ആണോ? ദേശീയ പൗരത്വ പട്ടികയില്‍ നിന്റെ പേരുണ്ടോ?’ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും.

പിന്നീട് ഇദ്ദേഹത്തെ മുട്ടുകാലില്‍ ഇരുത്തി ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തി പന്നിയിറച്ചി കഴിപ്പിക്കുന്നതും കാണാം. പരുക്കേറ്റ ഷൗക്കത്തിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോയില്‍ കാണുന്ന അക്രമികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.