ബിജെപിക്ക് ഇരുട്ടടി: നോട്ട് നിരോധനത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും വന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്

single-img
9 April 2019

തിരഞ്ഞെടുപ്പിന് കൊടിയേറാനിരിക്കെ, നോട്ടുനിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി വെളിപ്പെടുത്തി കോണ്‍ഗ്രസ്. അസാധുനോട്ടുകള്‍ വലിയതോതില്‍ മാറ്റിനല്‍കിയെന്ന് വെളിപ്പെടുത്തി ഇതിന്റെ തെളിവുകളും പാര്‍ട്ടി പുറത്തുവിട്ടു.

സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ ബിജെപിയുടെ അടുപ്പക്കാര്‍ മാറിയെടുത്തുവെന്നതിന്റെ തെളിവാണ് പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ ഗോഡൗണില്‍ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.

LIVE: Press briefing by former union minister Kapil Sibal.

Posted by Indian National Congress on Tuesday, April 9, 2019

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് തെളിവുകള്‍ പരസ്യമാക്കിയത്. ഒറ്റയടിക്ക് 320 കോടി രൂപ വരെ അടുപ്പക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും മാറി നല്‍കിയിട്ടുണ്ട്. വിദേശത്ത് കറന്‍സി അടിച്ച ശേഷം ഇന്ത്യയില്‍ എത്തിച്ചാണ് ഇത്തരത്തില്‍ നിരോധിച്ച നോട്ടുകള്‍ മാറി നല്‍കിയത്.

ഇപ്പോഴും പഴയ നോട്ടുകള്‍ വാങ്ങി പുതിയത് നല്‍കുകയാണെന്നും ഇതിന് പിന്നില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് അഴിമതിക്ക് ചുക്കാന്‍ പിടിച്ചതെന്നും കപില്‍ സിബല്‍ ആരോപിച്ചു.

40 ശതമാനം കമ്മീഷന്‍ വാങ്ങി അസാധുനോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്കുകാരും മാറി നല്‍കിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പണം മാറി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ വരെ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.