തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ് വോട്ട് ബിജെപിയ്ക്ക് ലഭിക്കും, മറ്റിടങ്ങളില്‍ ബിജെപിയുടെ വോട്ട് യുഡിഎഫിനും: സ്വാമി ചിദാനന്ദപുരി

single-img
9 April 2019

കോഴിക്കോട്: വോട്ടുകച്ചവടത്തിനുള്ള ആഹ്വാനവുമായി ശബരിമല കര്‍മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. ഇടതുപക്ഷത്തിനെ തോല്‍പ്പിക്കാന്‍ ബിജെപി യുഡിഎഫുമായി പരസ്യമായ ധാരണയുണ്ടാക്കണം. തിരുവനന്തപുരം. പത്തനംതിട്ട പോലെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് ബിജെപിക്ക് വോട്ടു ചെയ്യുകയും മറ്റു മണ്ഡലങ്ങളില്‍ ബിജെപി തിരിച്ചു യുഡിഎഫിനെ സഹായിക്കും ചെയ്യുന്ന വിധമായിരിക്കണം ധാരണയെന്ന് ടൈംസ് ഒഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

അതേസമയം, ബിജെപിയുടെ ശ്രദ്ധ തങ്ങള്‍ക്ക് സ്വാധീനമുള്ള രണ്ടോ മുന്നോ മണ്ഡലങ്ങളിലേക്കു ചുരുക്കണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. തിരുവനന്തപുരവും പത്തനംതിട്ടയും പോലുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കേണ്ടത്. അതിനുവേണ്ടി കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയുമെല്ലാം വോട്ട് ഉറപ്പു വരുത്തണം. മറ്റുള്ള സീറ്റുകളില്‍ ബിജെപി യുഡിഎഫിനു വോട്ടു ചെയ്യണം-അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയുടെ പരാജയം ഉറപ്പുവരുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായ കാര്യം. മുഖ്യമന്ത്രി പിണറായി വിജയനുകീഴില്‍ ഹിന്ദു വിശ്വാസങ്ങളും വികാരങ്ങളും ഞെരിച്ചമര്‍ത്തപ്പെടുകയാണെന്ന് ചിദാനന്ദപുരി കുറ്റപ്പെടുത്തി. ശബരിമലയില്‍ മാത്രമല്ല, അഗസ്ത്യാകൂടത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു വോട്ടുചെയ്യുമെന്ന് സിപിഎം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതേ തന്ത്രംതന്നെ ബിജെപിയും സ്വീകരിക്കണമെന്ന് ചിദാനന്ദപുരി നിര്‍ദ്ദേശിച്ചു.