കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകള്‍ നേടുമെന്ന് ദ ഹിന്ദുവിന്റെ സര്‍വേ

single-img
9 April 2019

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം പ്രവചിച്ച് ദേശീയ മാധ്യമ സ്ഥാപനമായ ദ ഹിന്ദുവിന്റെ സര്‍വേ. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ആറ് മുതല്‍ 14 സീറ്റ് വരെ നേടുമെന്നാണ് ദ ഹിന്ദുവുമായി ചേര്‍ന്ന് ലോക് നീതി, സി എസ് ഡി എസ്, നാഷണല്‍ ഇലക്ഷന്‍ സ്റ്റഡിയും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയില്‍ പറയുന്നത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അഞ്ച് മുതല്‍ 13 വരെയും സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പറയുന്നു. എന്നാല്‍, നിലവില്‍ 5 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഈ സമയം ഉറപ്പിക്കാന്‍ ആകു എന്നും സര്‍വെ പറയുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ രണ്ട് വരെയും നേടാം എന്നാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.

കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫിനേക്കാള്‍ സീറ്റ് നേടാനുള്ള സാധ്യത ഇതാദ്യമായാണ് ഒരു സര്‍വേ പ്രവചിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഇടതു കേന്ദ്രങ്ങളില്‍ ആവേശം വിതറിയിട്ടുണ്ട്.

അതേസമയം, മാതൃഭൂമി ന്യൂസ്-എസി നീല്‍സണ്‍ സര്‍വേ യുഡിഎഫിന് 14 സീറ്റും എല്‍ഡിഎഫിന് അഞ്ച് സീറ്റും എന്‍ഡിഎയ്ക്ക് ഒരു സീറ്റുമാണ് പ്രവചിക്കുന്നത്. മനോരമ ന്യൂസ് കാവി സര്‍വേ യുഡിഎഫിന് 13 സീറ്റിലും എല്‍ഡിഎഫിന് മൂന്ന് സീറ്റിലും മുന്‍തൂക്കം പ്രവചിക്കുകയും നാല് സീറ്റ് പ്രവചനാതീതമെന്ന് പറയുകയുമാണ് ചെയ്തിരിക്കുന്നത്.